കുവൈത്ത് സിറ്റി: മയക്കുമരുന്നിന്റെയും ലഹരിപ്രഭാവമുള്ള മരുന്നുകളുടെയും വ്യാപാരവുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത കേസുകളിൽ നാലുപേരെ കുവൈത്ത് മയക്കുമരുന്ന് വിരുദ്ധ വിഭാഗം പിടികൂടി. ലഹരിവ്യാപാരം തടയുന്നതിനുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മൂന്ന് കേസുകളിലുമായി 650 ഗ്രാം മരിജുവാനയും ലിറിക്കയുടെ 200 ക്യാപ്സ്യൂളുകളും പിടിച്ചെടുത്തു. വസ്തുക്കൾ തൂക്കാൻ ഉപയോഗിക്കുന്ന മൂന്ന് സൂക്ഷ്മ ത്രാസുകളും അധികൃതർ കണ്ടെത്തി.
പിടിയിലായവരിൽ രണ്ടുപേർക്കെതിരെ നേരത്തേ അറസ്റ്റ് ഉത്തരവുകൾ നിലവിലുണ്ടായിരുന്നതായി പരിശോധനയിൽ വ്യക്തമായി. ഇവർക്കെതിരെ കാണാതായതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേസുകളിലെ തുടർനടപടികൾക്കായി നാലുപേരെയും പിടിച്ചെടുത്ത മയക്കുമരുന്നും മറ്റ് വസ്തുക്കളും ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന് കൈമാറി.