കുവൈത്ത് സിറ്റി: നയതന്ത്രം കുവൈത്തിന്റെ ദേശീയ സ്വത്വത്തിന്റെയും വിദേശനയത്തിന്റെയും അടിസ്ഥാനശിലയാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് അൽ ജാബിർ അൽ സബാഹ്. ഐക്യരാഷ്ട്രസഭയ്ക്കുള്ള രാജ്യത്തിന്റെ പിന്തുണയും സംഘടനയുടെ ചാർട്ടറിലെ തത്ത്വങ്ങളോടുള്ള പ്രതിബദ്ധതയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ‘നയതന്ത്രത്തിന്റെ ശക്തി’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഐക്യരാഷ്ട്ര ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അംബാസഡർമാർ, നയതന്ത്ര ദൗത്യങ്ങളുടെ മേധാവികൾ, രാജ്യാന്തര സംഘടനകളുടെ പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുക, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക, തർക്കപരിഹാരത്തിന് സംഭാഷണത്തിനും മധ്യസ്ഥതയ്ക്കും മുൻഗണന നൽകുക എന്നിവയാണ് കുവൈത്തിന്റെ വിദേശനയത്തിന്റെ അടിസ്ഥാനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. 1963ൽ ഐക്യരാഷ്ട്രസഭയിൽ അംഗമായതുമുതൽ സന്തുലിതവും മിതത്വപൂർണവുമായ സമീപനമാണ് രാജ്യം പിന്തുടരുന്നത്.
1990ലെ ഇറാഖ് അധിനിവേശത്തെ തുടർന്ന് ഐക്യരാഷ്ട്രസഭയും സുരക്ഷാസമിതിയും സ്വീകരിച്ച നിലപാടുകളെ മന്ത്രി അനുസ്മരിച്ചു. 1991ലെ കുവൈത്ത് വിമോചനം രാജ്യാന്തര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും ഫലപ്രാപ്തി തെളിയിച്ച പ്രധാന വിജയങ്ങളിലൊന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാനുഷിക പ്രവർത്തനം കുവൈത്ത് സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ മൂല്യമാണെന്നും അത് വിദേശനയത്തിലും പ്രതിഫലിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സമാധാനവും വികസനവും പരസ്പരം ബന്ധപ്പെട്ടതാണെന്നും സമാധാനമില്ലാതെ വികസനവും വികസനമില്ലാതെ സമാധാനവും സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയുടെ കുവൈത്തിലെ റെസിഡന്റ് കോഓർഡിനേറ്റർ ഗാദ അൽ താഹിർ രാജ്യത്തിന്റെ മാനുഷിക–വികസന സംഭാവനകളെ പ്രശംസിച്ചു. സംഘർഷങ്ങളും കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടാൻ നയതന്ത്രവും രാജ്യാന്തര സഹകരണവും കൂടുതൽ അനിവാര്യമായിരിക്കുകയാണെന്ന് അവർ വ്യക്തമാക്കി.