തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിനിടയില്‍ എസ്.സി-എസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയെ വിധിനിര്‍ണയത്തിനെത്തിയ ജഡ്ജ് പരസ്യമായി അപമാനിച്ചെന്ന് പരാതി.

സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനും വിദ്യാഭ്യാസ മന്ത്രിക്കും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിക്കും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

​തിരുവനന്തപുരം കാട്ടാക്കട ഗവണ്‍മെന്റ് വീരണകാവ് വി.എച്ച്.എസ്.എസിലെ ഹയര്‍ സെക്കൻഡറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്.

ഒക്ടോബര്‍ 26ന് നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ നാടോടിനൃത്ത മത്സരത്തിന്റെ വിധിനിര്‍ണയത്തിനെത്തിയ ജഡ്ജാണ് വിദ്യാര്‍ത്ഥിനിയെ മൈക്കിലൂടെ പരസ്യമായി അധിക്ഷേപിച്ചത്. നാടോടി നൃത്ത മത്സരത്തില്‍ വിദ്യാര്‍ത്ഥിനിക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചിരുന്നത്.

​മത്സരത്തിനിടെ കുട്ടിയുടെ കറുത്ത നിറം ചൂണ്ടിക്കാണിച്ചും ശരീരപ്രകൃതിയെ അപഹസിച്ചും ('കൂന് ഉണ്ടെന്ന് പറഞ്ഞും') ജഡ്ജ് മൈക്കിലൂടെ സംസാരിക്കുകയായിരുന്നു എന്നാണ് രക്ഷിതാക്കളുടെ പരാതിയില്‍ വ്യക്തമാക്കുന്നത്.

കറുത്ത നിറമുള്ളവർ നിറത്തിന് അനുസരിച്ച് വസ്ത്രം ധരിക്കണം എന്നായിരുന്നു വിധികർത്താവിൻ്റെ അധിക്ഷേപം

വിദ്യാര്‍ത്ഥിനിയെ പരസ്യമായി മാനസികമായി തളര്‍ത്തുന്ന രീതിയിലുള്ള ഇത്തരം പ്രസ്താവനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

​അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരുടെ പ്രതികരണത്തിനായി മാധ്യമങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ പ്രതികരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.

വിഷയത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും അധികാരികളുടെയും ഭാഗത്തുനിന്ന് തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.