കുവൈത്ത് സിറ്റി: ഫൈലക്ക ദ്വീപിൽനിന്ന് കണ്ടെത്തിയ ഗ്രീക്ക് നാണയങ്ങൾ ദ്വീപിന്റെ പുരാതന രാജ്യാന്തര പ്രാധാന്യം വ്യക്തമാക്കുന്നതാണെന്ന് പുരാവസ്തു–മ്യൂസിയം വിഭാഗം മുൻ ഡയറക്ടർ ഡോ. സുൽത്താൻ അൽ ദുവൈഷ്. അലക്സാണ്ടർ ചക്രവർത്തിയുടെ ചിത്രങ്ങളുള്ള നാണയങ്ങൾ ഉൾപ്പെടെയുള്ള കണ്ടെത്തലുകൾ ദ്വീപിന്റെ വ്യാപാര, സാമ്പത്തിക, രാഷ്ട്രീയ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കണ്ടെത്തിയ നാണയങ്ങളിൽ ഭൂരിഭാഗവും അലക്സാണ്ടറുടെ ജീവിതകാലത്ത് നിർമിച്ചവയല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തിന് ഏകദേശം ഒരു നൂറ്റാണ്ടിനുശേഷവും അദ്ദേഹത്തിന്റെ പേരിൽ നാണയങ്ങൾ പുറത്തിറക്കിയിരുന്നു. അലക്സാണ്ടർ അവശേഷിപ്പിച്ച രാഷ്ട്രീയ അധികാരത്തിന്റെയും സാമ്പത്തിക ശക്തിയുടെയും പ്രതീകമായാണ് ഇവ ഉപയോഗിച്ചിരുന്നതെന്ന് അൽ ദുവൈഷ് വിശദീകരിച്ചു.

സെല്യൂസിഡ് ഭരണാധികാരിയായ ആന്റിയോകസ് മൂന്നാമന്റെ കാലഘട്ടത്തിലെ നാണയങ്ങളും ഫൈലക്കയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളിലെ നാണയങ്ങളുടെ സാന്നിധ്യം ദ്വീപ് വിപുലമായ വാണിജ്യബന്ധങ്ങളുടെ ഭാഗമായിരുന്നുവെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നും അറേബ്യൻ ഗൾഫിൽനിന്നുമുള്ള സമുദ്രവ്യാപാര പാതകളെ അറേബ്യൻ ഉപദ്വീപിലെയും മെസൊപ്പൊട്ടേമിയയിലെയും കരമാർഗങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു ഫൈലക്ക. സ്വതന്ത്ര തുറമുഖത്തിന്റെയും രാജ്യാന്തര ചരക്കുകൈമാറ്റ കേന്ദ്രത്തിന്റെയും സ്വഭാവത്തിൽ ദ്വീപ് പ്രവർത്തിച്ചിരുന്നതായി ഈ നാണയങ്ങൾ വ്യക്തമാക്കുന്നു.

കുവൈത്തിന്റെ പുരാതന ചരിത്രത്തിൽ വ്യവസ്ഥാപിത നാണയവിനിമയവും സാമ്പത്തിക സംവിധാനവും നിലനിന്നിരുന്നതിന്റെ പ്രധാന പുരാവസ്തു തെളിവുകളാണ് ഇവയെന്നും അൽ ദുവൈഷ് പറഞ്ഞു. ദ്വീപിലെ ഗ്രീക്ക് സാന്നിധ്യത്തിന്റെ കാലഘട്ടം നിർണയിക്കുന്നതിലും കണ്ടെത്തിയ നാണയങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.