ഉറവിടം വ്യക്തമല്ലാത്ത മാംസം കണ്ടെത്തി; രണ്ട് നിയമലംഘന റിപ്പോർട്ടുകൾ രേഖപ്പെടുത്തി
കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ നടത്തിയ പരിശോധനയിൽ ഉറവിടം വ്യക്തമല്ലാത്ത 182 കിലോഗ്രാം മാംസം കണ്ടെത്തി നശിപ്പിച്ചു.
ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയും കൈകാര്യം ചെയ്യലും സംബന്ധിച്ച മാനദണ്ഡങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനിടെയാണ് ലംഘനങ്ങൾ കണ്ടെത്തിയത്. മായംചേർത്ത ഭക്ഷ്യവസ്തുക്കളുടെ കൈകാര്യം ചെയ്യലുമായി ബന്ധപ്പെട്ടും പൊതുശുചിത്വ നിബന്ധനകൾ പാലിക്കാത്തതുമായ ലംഘനങ്ങൾ രേഖപ്പെടുത്തി.
പരിശോധനയുടെ ഭാഗമായി രണ്ട് നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കിയതായി അതോറിറ്റി അറിയിച്ചു. പിടിച്ചെടുത്ത മാംസത്തിന്റെ ഉറവിടം വ്യക്തമല്ലാത്തതിനാലാണ് നശിപ്പിക്കൽ നടപടി സ്വീകരിച്ചത്.
ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അതോറിറ്റി നടത്തുന്ന നിരീക്ഷണ–പരിശോധന പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഫർവാനിയയിലെ പരിശോധന.