കുവൈത്ത് സിറ്റി: സബാഹ് അൽ സാലിം പ്രദേശത്ത് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ വ്യാപക പരിശോധനയിൽ 46 പേർ പിടിയിലായി. മുബാറക് അൽ കബീർ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സുരക്ഷ, ഗതാഗതം, നിയന്ത്രണ പരിശോധനകൾ എന്നിവയുമായി ബന്ധപ്പെട്ട് ആകെ 212 നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിവിധ കേസുകളിൽ അന്വേഷിക്കപ്പെട്ടിരുന്നവരും കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടവരുമായ 22 പേരും താമസനിയമം ലംഘിച്ച 21 പേരുമാണ് പിടിയിലായവരിൽ ഉൾപ്പെടുന്നത്. തിരിച്ചറിയൽ രേഖകൾ കൈവശമില്ലാതിരുന്ന രണ്ടുപേരെയും മയക്കുമരുന്ന് കൈവശം സൂക്ഷിച്ച ഒരാളെയും പിടികൂടി.

ഗതാഗത പരിശോധനയിൽ 61 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന ഒൻപത് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സുരക്ഷാ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 39 പരിശോധനാ–നിരീക്ഷണ കേന്ദ്രങ്ങളും ഏർപ്പെടുത്തി.

വാണിജ്യ–വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനകളിൽ 44 നിയമലംഘനങ്ങൾ കണ്ടെത്തി. ഭക്ഷ്യ–പോഷകാഹാര അതോറിറ്റി ഏഴും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആറും നിയമലംഘനങ്ങൾ രേഖപ്പെടുത്തി.

പിടിയിലായവർക്കും നിയമലംഘകർക്കുമെതിരെ ബന്ധപ്പെട്ട വകുപ്പുകൾ അവരവരുടെ അധികാരപരിധിക്കുള്ളിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.