കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ ഏകീകൃത എക്സൈസ് നികുതി കരാറും അതിന്റെ ഭേദഗതി അനുബന്ധവും സംബന്ധിച്ച കരട് ഡിക്രി നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തുടർനടപടികൾക്കായി കരട് അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന് സമർപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. എല്ലാ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും പൊതുവായി ബാധകമാകുന്ന നികുതിക്കുപകരം നിർദിഷ്ട ഉൽപന്നങ്ങളെ ലക്ഷ്യമിടുന്നതാണ് എക്സൈസ് നികുതി.
ഊർജപാനീയങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, പുകയിലയും അനുബന്ധ ഉൽപന്നങ്ങളും മധുരം ചേർത്ത പാനീയങ്ങളും ഈ നികുതി സംവിധാനവുമായി ബന്ധപ്പെട്ട പ്രധാന വിഭാഗങ്ങളാണ്. ഊർജപാനീയങ്ങൾക്കും പുകയില ഉൽപന്നങ്ങൾക്കും 100 ശതമാനവും കാർബണേറ്റഡ് പാനീയങ്ങൾക്ക് 50 ശതമാനവുമാണ് വിശദീകരണ പട്ടികയിൽ നൽകിയിരിക്കുന്ന നിരക്കുകൾ. മധുരം ചേർത്ത പാനീയങ്ങളുടെ നികുതി പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.