കുവൈത്ത് സിറ്റി: തീരസുരക്ഷാ മേഖലയിലെ സഹകരണവും സുരക്ഷാ ഏകോപനവും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കുവൈത്തും ബഹ്റൈനും ചർച്ച ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസുഫ്, ബഹ്റൈൻ തീരരക്ഷാസേനാ മേധാവി നേവൽ സ്റ്റാഫ് ബ്രിഗേഡിയർ അബ്ദുൽറഹ്മാൻ അൽ റുവൈഇയെയും അനുഗമിച്ച പ്രതിനിധിസംഘത്തെയും സ്വീകരിച്ചു.
ബഹ്റൈൻ പ്രതിനിധിസംഘത്തിന്റെ ഔദ്യോഗിക കുവൈത്ത് സന്ദർശനത്തിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ മന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. കുവൈത്ത് തീരരക്ഷാസേനാ ഡയറക്ടർ ജനറൽ നേവൽ സ്റ്റാഫ് ബ്രിഗേഡിയർ ശൈഖ് മുബാറക് അലി യൂസുഫ് അൽ സബാഹും പങ്കെടുത്തു.
ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ചരിത്രപരവും സഹോദരതുല്യവുമായ ബന്ധത്തെ ശൈഖ് ഫഹദ് അൽ യൂസുഫ് പ്രശംസിച്ചു. സുരക്ഷാ സഹകരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇരുരാജ്യങ്ങൾക്കും പൊതുതാത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തീരസുരക്ഷയിലെ സാങ്കേതികവും പ്രവർത്തനപരവുമായ പരിചയങ്ങൾ കൈമാറുക, നിരീക്ഷണ സംവിധാനങ്ങളിലും റഡാർ ശൃംഖലകളിലും സമുദ്രസുരക്ഷാ പ്രവർത്തനങ്ങളിലും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. ഇരുവിഭാഗങ്ങളുടെയും ശേഷിയും സന്നദ്ധതയും ഉയർത്തുന്നതിന് ഇത്തരം സഹകരണം സഹായിക്കുമെന്ന് വിലയിരുത്തി.
സുരക്ഷാ ഏജൻസികൾ തമ്മിലുള്ള ഏകോപനവും പരസ്പര സന്ദർശനങ്ങളും അനുഭവങ്ങളുടെ കൈമാറ്റവും തുടരേണ്ടതിന്റെ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളുടെ സംയുക്ത സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇത് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.