കുവൈത്ത് സിറ്റി: പൊതുസേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെയും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെയും ഭാഗമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് ‘ദീറ’ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു.

പൂച്ചകൾ, നായ്ക്കൾ തുടങ്ങിയ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യാനും അപകടമോ ഉപദ്രവമോ സൃഷ്ടിക്കുന്ന മൃഗങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കാനുമാണ് ആദ്യഘട്ടത്തിൽ സൗകര്യമൊരുക്കിയിരിക്കുന്നത്. സിവിൽ ഐഡി നമ്പറുള്ള സ്വദേശികൾക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും ഈ സേവനങ്ങൾ ഉപയോഗിക്കാം.

ആധുനികവും സംയോജിതവുമായ വിവരശേഖരത്തിന്റെ അടിസ്ഥാനത്തിൽ മെച്ചപ്പെട്ട ഡിജിറ്റൽ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യമെന്ന് അതോറിറ്റിയുടെ ആക്ടിങ് ഡയറക്ടർ ജനറൽ ഫയ് അൽ മുസബ്ബിഹി ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു. അതോറിറ്റിയുടെ സേവനങ്ങൾ ഗുണഭോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാനും നടപടിക്രമങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്നും അവർ വ്യക്തമാക്കി.

അതോറിറ്റിയുടെ എല്ലാ സേവനങ്ങളും ഘട്ടംഘട്ടമായി ആധുനിക ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിൽ പ്രവർത്തിച്ചവർക്കും അവർ നന്ദി അറിയിച്ചു.

നിലവിൽ വളർത്തുമൃഗങ്ങളുടെ രജിസ്‌ട്രേഷനും ഉപദ്രവകാരികളായ മൃഗങ്ങളെക്കുറിച്ചുള്ള പരാതികളും മാത്രമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് പദ്ധതി ഡയറക്ടർ ഡോ. ഖാലിദ് അൽ ഫായിസ് പറഞ്ഞു. മൃഗപരിപാലകർക്കുള്ള സേവനങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ തുടർഘട്ടങ്ങളിൽ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.