കുവൈത്ത് സിറ്റി: സ്വകാര്യ കെട്ടിടങ്ങളിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളെയും സ്ഥാപനങ്ങളെയും സർക്കാർ ഉടമസ്ഥതയിലുള്ള ഒഴിവുള്ള കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിനുള്ള നിർദേശം ചർച്ചയിൽ. വിവിധ സർക്കാർ ഏജൻസികളുടെ കൈവശമുള്ള അധിക കെട്ടിടങ്ങൾ ആവശ്യക്കാരായ മറ്റ് സ്ഥാപനങ്ങൾക്ക് അനുവദിച്ച് പൊതുചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം.

പുതിയ കെട്ടിടങ്ങൾ വാടകയ്ക്കെടുക്കുന്നതിനുപകരം നിലവിലുള്ള സർക്കാർ ആസ്തികൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കണമെന്ന ആവശ്യം വിവിധ സ്ഥാപനങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ചില വകുപ്പുകളുടെ കൈവശം ആവശ്യത്തിലധികം കെട്ടിടങ്ങളുള്ളപ്പോൾ മറ്റു സ്ഥാപനങ്ങൾ സ്വകാര്യ കെട്ടിടങ്ങൾക്ക് വാടക നൽകേണ്ടിവരുന്ന സാഹചര്യം പരിഹരിക്കാനാണ് നിർദേശം.

വാടകക്കെട്ടിടങ്ങളിൽനിന്ന് സ്ഥിരം സർക്കാർ കെട്ടിടങ്ങളിലേക്ക് മാറുന്നതിനുള്ള നടപടികൾ ചില സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ബദൽ കെട്ടിടങ്ങൾ ലഭിക്കാത്തതിനാൽ മറ്റു സ്ഥാപനങ്ങൾക്ക് നിലവിലെ ഓഫീസുകളിൽ തുടരേണ്ടിവരുന്നു.

ധനമന്ത്രാലയവുമായി നടത്തിയ ചർച്ചകളിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ സർക്കാർ കെട്ടിടങ്ങളിലേക്ക് മാറാനുള്ള താൽപര്യം അറിയിച്ചു. ചില സ്ഥാപനങ്ങളുടെ നിലവിലെ ഓഫീസുകൾ ഭരണപരവും സാങ്കേതികവുമായ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലെന്നും ബദൽ സൗകര്യം ഉറപ്പാക്കിയശേഷമേ ഒഴിയാനാകൂവെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

അതേസമയം, വിപണിയിലെ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി ചില കെട്ടിട ഉടമകൾ വാടക വർധന ആവശ്യപ്പെട്ടിട്ടുണ്ട്. അംഗീകൃത മൂല്യനിർണയക്കാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാടക വർധനയ്ക്ക് ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടത്. സർക്കാർ കെട്ടിടങ്ങളുടെ പുനർവിന്യാസത്തിലൂടെ വാടകയിനത്തിലെ ചെലവ് നിയന്ത്രിക്കാനും നിലവിലുള്ള ആസ്തികളുടെ ഉപയോഗം വർധിപ്പിക്കാനുമാകുമെന്നാണ് വിലയിരുത്തൽ.