അബുദാബി: അഡ്നോക് ഡ്രില്ലിങ് 2026ലെ ആദ്യ ഒമ്പത് മാസത്തിൽ 13.61 ബില്യൺ ദിർഹം വരുമാനം നേടി. പലിശ, നികുതി, മൂല്യത്തകർച്ച തുടങ്ങിയവ കണക്കാക്കുന്നതിന് മുമ്പുള്ള ലാഭം 6.10 ബില്യൺ ദിർഹവും അറ്റാദായം 3.93 ബില്യൺ ദിർഹവുമാണ്. അബുദാബി ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനി സാമ്പത്തികഫലങ്ങൾ പ്രഖ്യാപിച്ചു.
മൂന്നാം പാദത്തിനായി ആകെ 350 ദശലക്ഷം ഡോളറിന്റെ ലാഭവിഹിതത്തിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഓഹരിയൊന്നിന് ഏകദേശം 8.03 ഫിൽസാണ് ലഭിക്കുക. ഇതിൽ 262.5 ദശലക്ഷം ഡോളർ അടിസ്ഥാന ത്രൈമാസ ലാഭവിഹിതവും 87.5 ദശലക്ഷം ഡോളർ അധിക ലാഭവിഹിതത്തിന്റെ ആദ്യ ഗഡുവുമാണ്.
നവംബർ അഞ്ചുവരെ ഓഹരിയുടമകളായി രജിസ്റ്റർ ചെയ്തവർക്ക് നവംബർ രണ്ടാം പകുതിയിൽ തുക വിതരണം ചെയ്യാനാണ് പ്രതീക്ഷിക്കുന്നത്. ആകെ 175 ദശലക്ഷം ഡോളറിന്റെ അധിക ലാഭവിഹിതം രണ്ട് തുല്യഗഡുക്കളായി നൽകാനാണ് പദ്ധതി. രണ്ടാം ഗഡു ഓഹരിയുടമകളുടെ അംഗീകാരത്തിന് വിധേയമായിരിക്കും.
അംഗീകാരം ലഭിക്കുന്നപക്ഷം 2026ലെ പ്രതീക്ഷിത മൊത്തം ലാഭവിഹിതം 1.225 ബില്യൺ ഡോളറിലെത്തും. മുൻവർഷത്തെ അപേക്ഷിച്ച് 22.5 ശതമാനം വർധനയാണിത്.
എണ്ണപ്പാട സേവനങ്ങൾ, സാങ്കേതികവിദ്യയുടെ പിന്തുണയുള്ള പ്രവർത്തനങ്ങൾ, പ്രാദേശിക വിപണികളിലേക്കുള്ള വ്യാപനം എന്നിവ വരുമാനസ്രോതസ്സുകൾ വിപുലമാക്കുന്നതായി കമ്പനി വ്യക്തമാക്കി. കിണർ നിർമാണത്തിനപ്പുറം അതിന്റെ പ്രവർത്തനകാലത്തെ വിവിധ സേവനങ്ങളിലേക്കും സാന്നിധ്യം വർധിപ്പിക്കുന്നതാണ് കമ്പനിയുടെ പുതിയ വളർച്ചാതന്ത്രം.