കുവൈത്ത് സിറ്റി: അൽ അഹ്‌ലി ബാങ്ക് ഓഫ് കുവൈത്ത് ഗ്രൂപ്പ് 2026ലെ ആദ്യ ഒമ്പത് മാസത്തിൽ 54.19 ദശലക്ഷം ദിനാർ അറ്റാദായം നേടി. മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 16.2 ശതമാനമാണ് വർധന. ചെലവ് നിയന്ത്രണവും പ്രവർത്തനക്ഷമതയിലെ പുരോഗതിയും ലാഭവളർച്ചയ്ക്ക് പിന്തുണയായി.

ഓഹരിയൊന്നിലെ വരുമാനം 14.9 ഫിൽസിൽനിന്ന് 17.6 ഫിൽസായി ഉയർന്നു. പ്രവർത്തന വരുമാനം 7.51 ശതമാനം വർധിച്ച് 177.50 ദശലക്ഷം ദിനാറും പ്രവർത്തന ലാഭം 5.55 ശതമാനം ഉയർന്ന് 100.34 ദശലക്ഷം ദിനാറുമായി.

വായ്പകളും അഡ്വാൻസുകളും അഞ്ച് ശതമാനം വർധിച്ച് 5.03 ബില്യൺ ദിനാറിലെത്തി. ഉപഭോക്തൃ നിക്ഷേപം 4.30 ബില്യൺ ദിനാറാണ്. ആകെ ആസ്തി 6.4 ശതമാനം വർധിച്ച് 7.52 ബില്യൺ ദിനാറായി. നിഷ്‌ക്രിയ വായ്പാനുപാതം 1.19 ശതമാനമായി കുറഞ്ഞപ്പോൾ മൂലധന പര്യാപ്തതാനുപാതം 17.25 ശതമാനമായി നിലനിന്നു.

കരുതലോടെയുള്ള അപകടസാധ്യതാ നിയന്ത്രണവും ഗ്രൂപ്പിന്റെ പ്രവർത്തനതന്ത്രവും വളർച്ചയ്ക്ക് കരുത്തേകിയെന്ന് ചെയർമാൻ തലാൽ റിദ ബെഹ്ബഹാനി പറഞ്ഞു. ഡിജിറ്റൽ പരിവർത്തനം, നവീന ബാങ്കിങ് സേവനങ്ങൾ, സുസ്ഥിര നിക്ഷേപം എന്നിവയ്ക്ക് മുൻഗണന തുടരുമെന്ന് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഗില്ലസ് വാൻ ഡെർ ടോൾ വ്യക്തമാക്കി.