കുവൈത്ത് സിറ്റി: ജഹ്റയിലെ അൽ ഖസറിൽ വീടിനുള്ളിൽ ഇന്ത്യൻ പ്രവാസി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ക്രിമിനൽ അന്വേഷണത്തിന് നിർദേശം. 1981ൽ ജനിച്ച ഇന്ത്യക്കാരന്റെ മരണത്തിലാണ് ജഹ്റ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.
വൈകുന്നേരം ജഹ്റ സുരക്ഷാ ഡയറക്ടറേറ്റിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെത്തുടർന്ന് അൽ ഖസർ പൊലീസ് സ്റ്റേഷനിൽനിന്നുള്ള പട്രോൾ സംഘം സ്ഥലത്തെത്തി. 1971ൽ ജനിച്ച കുവൈത്ത് പൗരനാണ് വിവരം അറിയിച്ചത്.
ആശുപത്രിയിലെത്തിക്കുമ്പോൾ പ്രവാസിക്ക് നാഡിമിടിപ്പോ രക്തസമ്മർദമോ ഉണ്ടായിരുന്നില്ലെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നതായാണ് മെഡിക്കൽ രേഖ വ്യക്തമാക്കുന്നത്.
മരണത്തിൽ കുറ്റകൃത്യസാധ്യത സംശയിക്കുന്ന കേസായി രജിസ്റ്റർ ചെയ്യാനും സാഹചര്യങ്ങൾ വിശദമായി അന്വേഷിക്കാനും പ്രോസിക്യൂഷൻ നിർദേശിച്ചു. കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി.