കായികം: ബാലൺ ദോർ ചരിത്രത്തിലെ മികച്ച പുരസ്കാരനേട്ടം തിരഞ്ഞെടുക്കാനുള്ള ആരാധക വോട്ടെടുപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 2008ലെ വിജയം ഒന്നാമതെത്തി. ലയണൽ മെസ്സിയുടെ 2012ലെ പുരസ്കാരനേട്ടമാണ് രണ്ടാം സ്ഥാനത്ത്. റൊണാൾഡോയുടെ 2017ലെ വിജയം മൂന്നാം സ്ഥാനവും നേടി.
യുവേഫയും ഫ്രാൻസ് ഫുട്ബോൾ മാസികയും ചേർന്നൊരുക്കിയ ‘ബാലൺ ദോർ ഓഫ് ഓൾ ടൈം’ വോട്ടെടുപ്പിലാണ് തിരഞ്ഞെടുപ്പ്. കുറഞ്ഞത് രണ്ടുതവണയെങ്കിലും ബാലൺ ദോർ നേടിയ താരങ്ങളുടെ വിജയവർഷങ്ങളിലെ പ്രകടനങ്ങളാണ് പരിഗണിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുമ്പോഴാണ് റൊണാൾഡോ 2008ൽ ആദ്യ ബാലൺ ദോർ സ്വന്തമാക്കിയത്. തുടർന്ന് 2013, 2014, 2016, 2017 വർഷങ്ങളിലും പുരസ്കാരം നേടി. എട്ടു ബാലൺ ദോർ നേട്ടങ്ങളുമായി മെസ്സിയാണ് പുരസ്കാരങ്ങളുടെ എണ്ണത്തിൽ മുന്നിൽ.
ബാലൺ ദോർ നേടിയ പ്രത്യേക വർഷങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ആരാധക തിരഞ്ഞെടുപ്പാണ് ‘ബാലൺ ദോർ ഓഫ് ഓൾ ടൈം’. വാർഷിക ബാലൺ ദോർ പുരസ്കാരത്തിൽനിന്ന് വേറിട്ടാണ് വോട്ടെടുപ്പ് സംഘടിപ്പിച്ചത്.