കൊച്ചി | 2026 ഒക്ടോബർ 29 | GP NEWS

ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് 55 വയസ്സുകാരനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് വ്യാഴാഴ്ച ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.

അന്വേഷണവുമായി സഹകരിക്കുന്ന സാഹചര്യത്തിൽ ജഡ്ജിയെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യമെന്താണെന്ന് കോടതി ചോദിച്ചു. തുടർ ഉത്തരവുണ്ടാകുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരായി ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

ഒക്ടോബർ 25-നാണ് ചേരാനല്ലൂരിൽ അപകടമുണ്ടായത്. ജഡ്ജിയുടെ 17 വയസ്സുകാരനായ മകൻ ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് കാറിടിച്ച് വഴിയോര ഭക്ഷണവിൽപ്പനക്കാരനായ ജയബാലകൃഷ്ണൻ മരിക്കുകയായിരുന്നു.

താൻ ഉറക്കത്തിലായിരുന്ന സമയത്ത് മകൻ തന്റെ അറിവോ അനുമതിയോ കൂടാതെ കാർ എടുത്തുകൊണ്ടുപോയതാണെന്നാണ് ജഡ്ജി മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

GP NEWS LIVE — വിശ്വസനീയമായ വാർത്തകൾ, വേഗത്തിൽ.