കുവൈത്ത് സിറ്റി: ദക്ഷിണ സഅദ് അൽ അബ്ദുല്ല ഭവനപദ്ധതിയിലെ അടിസ്ഥാനസൗകര്യങ്ങളുടെയും അനുബന്ധ സേവനങ്ങളുടെയും നിർമാണം വേഗത്തിലാക്കാൻ നിർദേശം നൽകി മുനിസിപ്പാലിറ്റി, ഭവനകാര്യ സഹമന്ത്രി എൻജിനീയർ അബ്ദുല്ലത്തീഫ് അൽ മിശാരി. പദ്ധതി പ്രദേശം സന്ദർശിച്ച മന്ത്രി പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.

അംഗീകരിച്ച സമയക്രമം പാലിച്ചും നിശ്ചിത സാങ്കേതിക മാനദണ്ഡങ്ങൾ ഉറപ്പാക്കിയും നിർമാണം പൂർത്തിയാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഭവനപദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിർമാണത്തിന്റെ വേഗത്തിനൊപ്പം ഗുണനിലവാരവും ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയുടെ സ്ഥലതല മേൽനോട്ടം കൂടുതൽ ശക്തമാക്കാനും അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താനും മന്ത്രി നിർദേശിച്ചു. നിർമാണപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി പുരോഗതി ചർച്ച ചെയ്യുകയും ചെയ്ത സന്ദർശനത്തിലാണ് നിർദേശങ്ങൾ നൽകിയത്.