കുവൈത്ത് സിറ്റി: ദേശീയ വ്യവസായങ്ങളുടെ വളർച്ചയും നിക്ഷേപാവസരങ്ങളും മുൻനിർത്തി കുവൈത്ത് വ്യവസായ സമ്മേളനത്തിനും പ്രദർശനത്തിനും തുടക്കമായി. ‘മെയ്ഡ് ഇൻ കുവൈത്ത്: സുസ്ഥിരവും സാങ്കേതിക മികവുള്ളതുമായ വ്യവസായം, സമൃദ്ധമായ സമ്പദ്വ്യവസ്ഥ’ എന്ന പ്രമേയത്തിൽ നടക്കുന്ന ‘നെക്സ്റ്റ് 26’ ദ്വിദിന പരിപാടിയിൽ ഉദ്യോഗസ്ഥർ, വ്യവസായ വിദഗ്ധർ, നിക്ഷേപകർ, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നു.
സാമ്പത്തികകാര്യ–നിക്ഷേപ സഹമന്ത്രിയും വാണിജ്യ–വ്യവസായ മന്ത്രിയുടെ ആക്ടിങ് ചുമതല വഹിക്കുന്നതുമായ അബ്ദുൽ അസീസ് അൽ മർസൂഖിന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. ദേശീയ പദ്ധതികളുടെയും വ്യവസായങ്ങളുടെയും സംഭാവനകൾ ശക്തിപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയിലെ വ്യവസായ നഗരവിഭാഗം ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജിനീയർ ഖാലിദ് ഖാതിർ പറഞ്ഞു.
നിക്ഷേപം, നവീകരണം, തൊഴിലവസരസൃഷ്ടി എന്നിവയ്ക്ക് വലിയ സാധ്യതകളുള്ള മേഖലയാണ് വ്യവസായമെന്ന് അദ്ദേഹം വ്യക്തമാക്കി. വരുമാനസ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും സാമ്പത്തികസുരക്ഷ ഉറപ്പാക്കാനും ദേശീയ ഉൽപ്പാദനമേഖലയുടെ വളർച്ച അനിവാര്യമാണ്.
വ്യവസായ സ്ഥാപനങ്ങൾക്ക് അനുകൂലമായ ബിസിനസ് അന്തരീക്ഷം ഒരുക്കുക, നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുക, ആധുനിക സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും പ്രയോജനപ്പെടുത്തുക എന്നിവയ്ക്ക് അതോറിറ്റി മുൻഗണന നൽകും. ചെറുകിട–ഇടത്തരം സംരംഭങ്ങളെ ഉൽപ്പാദനശൃംഖലകളുമായി ബന്ധിപ്പിക്കുന്നതിനും യുവാക്കൾക്ക് വ്യവസായ–സാങ്കേതിക പരിശീലനം നൽകുന്നതിനും പ്രാധാന്യമുണ്ട്.
നിർമാതാക്കൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവർ തമ്മിലുള്ള സഹകരണം വിപുലമാക്കാനും കുവൈത്ത് ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണികൾ കണ്ടെത്താനും സമ്മേളനം അവസരമൊരുക്കും.