തെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചതായി റിപ്പോർട്ട്. മൈനുകളിൽ തട്ടിയാണ്‌ അപകടമുണ്ടായതെന്ന്‌ ഇറാന്റെ നാവികസേന വിഭാഗമായ ഇസ്ലാമിക്‌ റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് അറിയിച്ചു.

ഏത് രാജ്യങ്ങളുടെ പതാക വഹിച്ച കപ്പലുകളാണ് അപകടത്തിൽപ്പെട്ടതെന്ന്‌ വ്യക്തമാക്കിയിട്ടില്ല. കടലിടുക്കിലെ അനധികൃതമായ തെക്കൻ പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകൾക്ക്‌ മൈനുകളിൽ തട്ടി സ്ഫോടനത്തോടെ തീ പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ആക്രമണത്തിൽ ഒരു കപ്പലിന് തീ പിടിച്ചതായി റിപ്പോർട്ട് ലഭ്യമായതായി ബ്രിട്ടീഷ് സമുദ്ര സുരക്ഷാ ഏജൻസി (യു കെ മാരിടൈം ട്രേഡ് ഒപ്പറേഷൻസ്) അറിയിച്ചു. എന്നാൽ വിശദ വിവരങ്ങൾ ലഭ്യമായിട്ടില്ല. മറ്റൊരു കപ്പലിന്റെ ക്യാപ്റ്റൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ജീവനക്കാരെ പറ്റിയോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

ഒമാനിലെ കസബിന് വടക്ക് ഭാഗത്തായി ഒമ്പത് നോട്ടിക്കൽ മൈൽ ദൂരത്താണ് സംഭവം.