കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിലിന്റെ ഡിജിറ്റൽ ഗവൺമെന്റ് പുരസ്കാരങ്ങളിൽ കുവൈത്തിന്റെ ഏകീകൃത സർക്കാർ സേവന ആപ്പായ ‘സഹ്ൽ’ രണ്ട് അംഗീകാരങ്ങൾ നേടി. മികച്ച സമഗ്ര സർക്കാർ ആപ്ലിക്കേഷനുള്ള പുരസ്കാരവും ‘റിഹ്‌ലത്തുൽ മൗലൂദ്’ സേവനത്തിലൂടെ മികച്ച ഡിജിറ്റൽ സർക്കാർ സേവന വിഭാഗത്തിലെ മികവിനുള്ള അംഗീകാരവുമാണ് ലഭിച്ചത്.

ബഹ്‌റൈനിൽ നടന്ന ഏഴാമത് ജിസിസി ഡിജിറ്റൽ ഗവൺമെന്റ് പുരസ്കാരങ്ങളിലാണ് കുവൈത്തിന്റെ നേട്ടം. വിവിധ സർക്കാർ സേവനങ്ങൾ ഒരൊറ്റ സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന ഏകീകൃത ആപ്ലിക്കേഷനെന്ന നിലയിലാണ് ‘സഹ്ൽ’ മികച്ച സമഗ്ര സർക്കാർ ആപ്പ് വിഭാഗത്തിൽ വിജയിച്ചത്.

നവജാതശിശുവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായുള്ള ‘റിഹ്‌ലത്തുൽ മൗലൂദ്’ സംവിധാനത്തിനാണ് മികച്ച ഡിജിറ്റൽ സർക്കാർ സേവന വിഭാഗത്തിലെ മികവിനുള്ള അംഗീകാരം ലഭിച്ചത്. സമഗ്ര സർക്കാർ ആപ്ലിക്കേഷനും പ്രത്യേക സേവനവും ഒരേസമയം അംഗീകരിക്കപ്പെട്ടതാണ് ഇത്തവണത്തെ പുരസ്കാരങ്ങളിൽ കുവൈത്തിന്റെ പ്രത്യേകത.