കുവൈത്ത് സിറ്റി: അപകടസാഹചര്യങ്ങളിൽ സുരക്ഷിതമായി പ്രതികരിക്കുന്നതിനുള്ള അവബോധം കുട്ടികളിൽ വളർത്താൻ കുവൈത്ത് അഗ്നിരക്ഷാസേന സംഘടിപ്പിക്കുന്ന ‘ഹുമാത് അൽ ഗദ്’ ക്യാമ്പിന് തുടക്കമായി. ഒമ്പതു മുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള ക്യാമ്പ് നവംബർ 25 വരെ തുടരും.

അപകടപ്രതിരോധത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവുകൾ നൽകുന്നതിനൊപ്പം അച്ചടക്കം, ഉത്തരവാദിത്തബോധം, സമൂഹസേവന മനോഭാവം എന്നിവ വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. അഗ്നിരക്ഷാസേനയുടെ പ്രവർത്തനങ്ങളും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സേന വഹിക്കുന്ന പങ്കും കുട്ടികൾക്ക് പരിചയപ്പെടുത്തും.

പ്രായോഗിക പരിശീലനങ്ങൾ, സ്ഥലസന്ദർശനങ്ങൾ, ബോധവത്കരണ പരിപാടികൾ എന്നിവ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയും അപകടപ്രതിരോധവും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിനുള്ള അറിവുകൾ കുട്ടികൾക്ക് പകരുന്നതിനാണ് പരിശീലനത്തിൽ ഊന്നൽ.

രാജ്യത്തോടുള്ള പ്രതിബദ്ധതയും സാമൂഹിക ഉത്തരവാദിത്തവും വളർത്തുന്നതിനും പരിപാടി സഹായിക്കുമെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി. വിവിധ അപകടങ്ങളെയും അടിയന്തര സാഹചര്യങ്ങളെയും കുറിച്ച് ചെറുപ്പത്തിൽതന്നെ ശരിയായ ധാരണ നൽകുന്നതിലൂടെ സുരക്ഷയെക്കുറിച്ച് ബോധവാന്മാരായ തലമുറയെ രൂപപ്പെടുത്തുകയാണ് ലക്ഷ്യം.