ന്യൂയോർക്ക്: കുട്ടികളുമായി മനുഷ്യരെപ്പോലെ വൈകാരികബന്ധം സ്ഥാപിക്കുന്ന കൃത്രിമബുദ്ധി ചാറ്റ്ബോട്ടുകളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ന്യൂയോർക്ക് സംസ്ഥാനം. പതിനെട്ടു വയസ്സിൽ താഴെയുള്ളവരുമായി ഇടപെടുന്ന എ.ഐ. കൂട്ടാളി ചാറ്റ്ബോട്ടുകളിലെ അപകടകരമായ സവിശേഷതകൾ വിലക്കുന്ന നിയമത്തിൽ ഗവർണർ കാത്തി ഹോക്കൽ ഒപ്പുവച്ചു. നിയമം 2027 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരും.
യഥാർഥ മനുഷ്യനാണെന്നോ കുട്ടിയുമായി വ്യക്തിപരമായ ബന്ധമുണ്ടെന്നോ തോന്നിപ്പിക്കുന്ന പെരുമാറ്റങ്ങൾക്കാണ് നിയന്ത്രണം. സുഹൃത്തോ പ്രണയപങ്കാളിയോ ആയി നടിച്ച് കുട്ടികളിൽ വൈകാരിക ആശ്രിതത്വം വളർത്തുന്നതും നിയമം ലക്ഷ്യമിടുന്ന അപകടകരമായ സവിശേഷതകളിൽപ്പെടുന്നു.
കുട്ടികളെ സ്വയം അപകടപ്പെടുത്താൻ പ്രേരിപ്പിക്കുക, ലൈംഗികമായി അനുചിതമായ സംഭാഷണങ്ങളിൽ ഏർപ്പെടുക, മുതിർന്നവരിൽനിന്ന് കാര്യങ്ങൾ മറച്ചുവയ്ക്കാൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഇടപെടലുകൾ തടയാനും വ്യവസ്ഥകളുണ്ട്. കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന പന്ത്രണ്ട് വിഭാഗം സവിശേഷതകളെയാണ് നിയമം നിയന്ത്രിക്കുന്നത്.
ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാൻ ഒന്നിലധികം മാർഗങ്ങൾ സ്വീകരിക്കണം. ഇതിൽ ഒരു മാർഗമെങ്കിലും സർക്കാർ തിരിച്ചറിയൽ രേഖയെ ആശ്രയിക്കാത്തതായിരിക്കണം. പ്രായസ്ഥിരീകരണത്തിനായി ശേഖരിക്കുന്ന വിവരങ്ങൾ നടപടിക്രമം പൂർത്തിയായശേഷം നീക്കം ചെയ്യണമെന്നും നിർദേശിക്കുന്നു.
അപകടകരമായ ചാറ്റ്ബോട്ട് ഇടപെടലുകളെക്കുറിച്ച് പരാതിപ്പെടാൻ സംസ്ഥാന അറ്റോർണി ജനറലിന്റെ ഓഫീസ് സംവിധാനം ഒരുക്കും. നിയമലംഘനങ്ങൾക്ക് ഓരോന്നിനും 25,000 ഡോളർവരെ പിഴ ഉൾപ്പെടെയുള്ള നടപടികൾക്ക് വ്യവസ്ഥയുണ്ട്. കുട്ടികളുടെ മാനസികാരോഗ്യവും സ്വകാര്യതയും സംരക്ഷിക്കുന്നതിനൊപ്പം എ.ഐ. സേവനദാതാക്കളുടെ ഉത്തരവാദിത്തം ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം.