ഷാർജ: കുട്ടികളുടെ സാധാരണ ചിത്രങ്ങൾ കൃത്രിമബുദ്ധി ഉപയോഗിച്ച് അപകീർത്തികരമായ വ്യാജചിത്രങ്ങളാക്കി മാറ്റി ഭീഷണിപ്പെടുത്തുന്നതിനും ചൂഷണം ചെയ്യുന്നതിനുമെതിരെ ഷാർജ ബാലസുരക്ഷാ സ്ഥാപനത്തിന്റെ മുന്നറിയിപ്പ്. സ്കൂളിലോ കുടുംബചടങ്ങുകളിലോ എടുത്തതും സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചതുമായ ചിത്രങ്ങൾപോലും ദുരുപയോഗത്തിന് ഇരയാകാമെന്ന് സ്ഥാപനം വ്യക്തമാക്കി.

ചിത്രം വ്യാജമാണെങ്കിലും അതുണ്ടാക്കുന്ന മാനസിക–സാമൂഹിക ആഘാതം യഥാർഥമാണെന്നും വർഷങ്ങളോളം നിലനിൽക്കാമെന്നും സ്ഥാപനം ചൂണ്ടിക്കാട്ടി. തമാശയെന്ന പേരിൽ നിർമിക്കുന്നതോ പങ്കുവയ്ക്കുന്നതോ ആയ ഉള്ളടക്കവും കുട്ടിയുടെ അന്തസ്സിനെ ബാധിക്കുകയും ഭീഷണിപ്പെടുത്തലിനുള്ള ആയുധമാവുകയും ചെയ്യാം.

രക്ഷിതാക്കൾ സ്വകാര്യതാ ക്രമീകരണങ്ങൾ പരിശോധിക്കണം. കുട്ടിയുടെ സ്കൂൾ, താമസസ്ഥലം, ദൈനംദിന യാത്രകൾ തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്തുന്ന പോസ്റ്റുകൾ ഒഴിവാക്കണം. കുട്ടി പെട്ടെന്ന് ഒറ്റപ്പെടുക, സ്കൂളിൽ പോകാൻ ഭയപ്പെടുക, സന്ദേശങ്ങൾ ലഭിക്കുമ്പോൾ ആശങ്കപ്പെടുക തുടങ്ങിയ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.

കുട്ടിയെ കുറ്റപ്പെടുത്താതെ ആശ്വസിപ്പിക്കുക, ഭീഷണിപ്പെടുത്തുന്നവരുടെ ആവശ്യങ്ങൾക്ക് വഴങ്ങാതിരിക്കുക, ബന്ധപ്പെട്ട പ്ലാറ്റ്‌ഫോമിനെയും അധികൃതരെയും അറിയിക്കുക എന്നിവയാണ് ആദ്യനടപടികൾ. ഉപയോക്തൃനാമങ്ങൾ, ലിങ്കുകൾ, ഭീഷണിസന്ദേശങ്ങൾ എന്നിവ സൂക്ഷിക്കാമെങ്കിലും കുട്ടികളെ ഉൾപ്പെടുത്തിയ ലൈംഗിക ഉള്ളടക്കം ഡൗൺലോഡ് ചെയ്യുകയോ മറ്റുള്ളവർക്ക് അയയ്ക്കുകയോ ചെയ്യരുത്.

അതിക്രമത്തിന്റെ ഉത്തരവാദിത്തം പൂർണമായും കുറ്റകൃത്യം ചെയ്യുന്ന വ്യക്തിക്കാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ ജനറൽ ഡോ. ഹനാദി സാലിഹ് അൽ യാഫിഇ പറഞ്ഞു. കുട്ടിക്ക് ഭയമില്ലാതെ വിവരം തുറന്നുപറയാൻ കഴിയുന്ന അന്തരീക്ഷം ഒരുക്കണമെന്നും ആവശ്യമായ മാനസിക പിന്തുണ നൽകണമെന്നും അവർ വ്യക്തമാക്കി.