കുവൈത്ത് സിറ്റി: കുവൈത്ത്–ഫ്രാൻസ് നയതന്ത്രബന്ധത്തിന്റെ 65ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആദ്യ ഫ്രഞ്ച് വാരാഘോഷത്തിന് തുടക്കമായി. അസിമ മാളിൽ ‘ഫ്രാൻസ് ഇൻ കുവൈത്ത്’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടി ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ സബാഹ് ഉദ്ഘാടനം ചെയ്തു.
അംബാസഡർമാർ, അറബ്–വിദേശ നയതന്ത്ര ദൗത്യങ്ങളുടെ മേധാവികൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫ്രഞ്ച് സ്ഥാപനങ്ങളും കമ്പനികളും ഒരുക്കിയ പ്രദർശന പവിലിയനുകൾ ഷെയ്ഖ് നാസർ അൽ മുഹമ്മദ് സന്ദർശിച്ചു. സംസ്കാരം, വാഹനവ്യവസായം, ഉന്നത സാങ്കേതികവിദ്യ, സ്ഥാപനവികസനം തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യവും നൂതന ഉൽപ്പന്നങ്ങളുമാണ് പ്രദർശനത്തിൽ അവതരിപ്പിക്കുന്നത്.
കുവൈത്തുമായുള്ള പങ്കാളിത്തം വ്യാപാരത്തിലും നിക്ഷേപത്തിലും മാത്രമൊതുങ്ങുന്നതല്ലെന്ന് ഫ്രഞ്ച് അംബാസഡർ ഒലിവിയേ ഗൊവാൻ പറഞ്ഞു. വിദ്യാഭ്യാസം, സംസ്കാരം, പ്രതിരോധം, നവീന സാങ്കേതികവിദ്യ എന്നിവയിലും സഹകരണം വിപുലമാകുകയാണ്. ഫ്രഞ്ച് സമ്പദ്വ്യവസ്ഥയിലെ കുവൈത്ത് നിക്ഷേപകരുടെയും സ്ഥാപനങ്ങളുടെയും പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിന്റെ പിന്തുണ ഉഭയകക്ഷിബന്ധത്തിന് കരുത്തേകുന്നതായി സംഘാടകസമിതി അധ്യക്ഷൻ അഹമ്മദ് ഇസ്മായിൽ ബെഹ്ബഹാനി പറഞ്ഞു. സാമ്പത്തിക–സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും പുതിയ സഹകരണാവസരങ്ങൾ തുറക്കാനും ഇത്തരം പരിപാടികൾ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.