മംഗളുരു: മംഗളൂരു മേഖലയെ മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം നിലനിൽക്കെ, ആയിരത്തിലേറെ തസ്തികകൾ കൈമാറി ഉത്തരവിറങ്ങി. ഇതോടെ മംഗളുരു മേഖല പൂർണമായും മൈസൂരു ഡിവിഷനിലാകും. ജീവനക്കാരുടെയും യാത്രക്കാരുടെയും കടുത്ത പ്രതിഷേധം നിലനിൽക്കുമ്പോഴാണ് പുതിയ ഉത്തരവ് ഇറങ്ങിയത്. പാലക്കാട് ഡിവിഷന് കീഴിലായിരുന്ന മംഗളുരു മേഖലയെയാണ് മൈസൂരു ഡിവിഷനിലേക്ക് മാറ്റിയത്. ഇത് പാലക്കാട്‌ ഡിവിഷന്റെ വരുമാനത്തെയും ഗണ്യമായി ബാധിക്കും.

ഓപ്പറേറ്റിങ്, എഞ്ചിനിയറിങ്ങ്, കോച്ച് ആൻഡ് വാഗൺ, മെക്കാനിക്കൽ, വൈദ്യുതി, സിഗ്നൽ, ടെലികമ്യുണിക്കേഷൻ, പാർസൽ, മെഡിക്കൽ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ നിന്നാണ് 1000 തസ്തികകൾ മൈസൂരുവിലേക്ക് മാറ്റിയത്. ടിക്കറ്റ് പരിശോധന, ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ് എന്നിങ്ങനെ തസ്തികകളും മാറും. സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ 38 തസ്തികകളാണ് മാറ്റിയത്.

എൻജിനിയറിങ് വിഭാഗത്തിലെ 208 തസ്തികകളാണ് മാറ്റിയത്. പാലം നിർമാണം, റെയിൽവേ ട്രാക്ക് എന്നിവയുടെ അറ്റകുറ്റ പണികൾ എന്നിവയാണ് എൻജിനിയറിങ്ങ് വിഭാഗത്തിൽ വരുന്നത്. ഫലത്തിൽ മംഗളുരു മേഖല വഴി പാലക്കാട്‌ ഡിവിഷന്റെ വരുമാനം കുത്തനെ കുറയ്ക്കാനും അതേസമയം യാത്രാദുരിതം കൂടാനും മാത്രമേ ഈ നടപടി വഴിവെക്കുകയുള്ളു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.