കുവൈത്ത് സിറ്റി: മനഃപൂർവമായ കൊലപാതകക്കുറ്റങ്ങളിൽ കാലപ്പഴക്കത്തിന്റെ പേരിൽ നിയമനടപടികൾ ഒഴിവാകാതിരിക്കാനുള്ള വ്യവസ്ഥയുമായി കുവൈത്തിന്റെ പുതിയ ശിക്ഷാനിയമ കരട്. ഓൺലൈൻ ചൂതാട്ടം, മന്ത്രവാദം–ആഭിചാരം, സ്വകാര്യതാ ലംഘനം തുടങ്ങിയവയ്ക്കെതിരായ വ്യവസ്ഥകളും നിർദിഷ്ട നിയമത്തിൽ ഉൾപ്പെടുന്നു.

1960ൽ നിലവിൽവന്ന ശിക്ഷാനിയമം സമഗ്രമായി പരിഷ്‌കരിക്കുകയാണ് ലക്ഷ്യം. 382 വകുപ്പുകളുള്ള കരടിൽ 150 പുതിയ വകുപ്പുകളും ഭേദഗതി ചെയ്ത 211 വകുപ്പുകളുമുണ്ട്. നിയമപരിഷ്‌കരണ സമിതി 15 മാസത്തിനിടെ നടത്തിയ 48 യോഗങ്ങൾക്കുശേഷമാണ് കരട് തയ്യാറാക്കിയത്. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അഭിപ്രായം തേടുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും തുടർനടപടികൾ.

ഗുരുതര കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനൊപ്പം കുറഞ്ഞ ഗൗരവമുള്ള കുറ്റങ്ങളിൽ തിരുത്തലിനും പുനരധിവാസത്തിനും അവസരം നൽകുന്നതാണ് കരടിന്റെ സമീപനം. സാമൂഹികസേവനം, ഇലക്ട്രോണിക് നിരീക്ഷണം, വീട്ടുതടങ്കൽ, പുനരധിവാസ പരിശീലനം, ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിക്കൽ തുടങ്ങിയ പത്ത് ബദൽ നടപടികളും നിർദേശിക്കുന്നു.

മാനസിക പീഡനം, ഭീഷണിപ്പെടുത്തൽ, അനധികൃത പിന്തുടരൽ, സ്വകാര്യദൃശ്യങ്ങൾ ചിത്രീകരിക്കലും പ്രചരിപ്പിക്കലും എന്നിവയ്ക്കെതിരായ സംരക്ഷണം ശക്തിപ്പെടുത്തും. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും പ്രത്യേക വ്യവസ്ഥകളുണ്ട്.

സ്വകാര്യ മേഖലയിലെ കൈക്കൂലി, ആധുനിക തട്ടിപ്പുകൾ, സൈബർ സംവിധാനങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ എന്നിവയും കരട് കൈകാര്യം ചെയ്യുന്നു. നിർദേശങ്ങൾ നിയമനിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കി പ്രാബല്യത്തിൽ വരേണ്ടതുണ്ട്.