ദുബൈ: അറബ് റീഡിങ് ചലഞ്ചിന്റെ പത്താം പതിപ്പിലെ ജേതാക്കളെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ആദരിക്കും. ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് സമാപനച്ചടങ്ങ്.

മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണ് ഇത്തവണ രേഖപ്പെടുത്തിയത്. 60 രാജ്യങ്ങളിൽനിന്നായി 4,02,86,428 വിദ്യാർഥികൾ പങ്കെടുത്തു. മുൻ പതിപ്പിനെ അപേക്ഷിച്ച് 24 ശതമാനമാണ് വർധന. ഭിന്നശേഷിക്കാരായ 74,062 വിദ്യാർഥികളും മത്സരത്തിന്റെ ഭാഗമായി. 1,38,426 സ്കൂളുകളും 1,61,507 മേൽനോട്ട അധ്യാപകരും പരിപാടിയിൽ പങ്കാളികളായി.

മുഖ്യജേതാവിനൊപ്പം ഭിന്നശേഷി വിഭാഗത്തിലെ വിജയി, മികച്ച സ്കൂൾ, മികച്ച മേൽനോട്ട അധ്യാപകൻ, അറബ് രാജ്യങ്ങൾക്ക് പുറത്തുള്ള വിദ്യാർഥികൾക്കായുള്ള വിഭാഗത്തിലെ വിജയി എന്നിവരെയും സമാപനച്ചടങ്ങിൽ പ്രഖ്യാപിക്കും.

മുഖ്യവിഭാഗത്തിലെ ജേതാവിന് അഞ്ചുലക്ഷം ദിർഹമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ഒരുലക്ഷം ദിർഹവും 70,000 ദിർഹവും ലഭിക്കും. ഭിന്നശേഷി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരന് രണ്ടുലക്ഷം ദിർഹവും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഒരുലക്ഷം ദിർഹവും 50,000 ദിർഹവും നൽകും.

മികച്ച സ്കൂളിന് പത്തുലക്ഷം ദിർഹമാണ് പുരസ്‌കാരം. ഈ വിഭാഗത്തിലെ രണ്ടും മൂന്നും സ്ഥാനക്കാർക്ക് അഞ്ചുലക്ഷം ദിർഹവും മൂന്നുലക്ഷം ദിർഹവും ലഭിക്കും.