manoj vaasudevu
പത്തനംതിട്ട: ഭക്തരിൽ നിന്നും രസീത് എഴുതി തുക ഈടാക്കിയശേഷം പാൽപ്പായസം നൽകാതെ ക്ഷേത്രം അധികൃതർ. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലാണ് ഭക്തരിൽ നിന്നും തുക ഈടാക്കി പാൽപ്പായസം നൽകാതെ പറ്റിച്ചത്. സംഭവത്തെതുടർന്ന് ക്ഷേത്രത്തിൽ ഭക്തജനങ്ങൾ പ്രതിഷേധിച്ചു.
ആറന്മുള ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് പാൽപ്പായസം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ ഏറ്റവുമധികം പാൽപ്പായസം വഴിപാട് ചീട്ടാക്കുന്ന ക്ഷേത്രങ്ങളിൽ ഒന്ന് കൂടിയാണിത്. പലപ്പോഴും പാൽപ്പായസ വഴിപാടിന്റെ പേരിൽ ഇവിടെ വലിയ വെട്ടിപ്പ് നടത്തുന്നതായും ആരോപണം ഉയർന്നിരുന്നു. പാൽപ്പായസത്തിന്റെ പണം വാങ്ങി രസീത് എഴുതിയശേഷം വഴിപാട് പ്രസാദം നൽകാത്തതിന്റെ പേരിൽ നേരത്തെ പലതവണ പരാതി ഉയർന്നിരുന്നു. മാത്രമല്ല, ചില ഉദ്യോഗസ്ഥർ വഴിപാട് തുക വാങ്ങി, അതിന്റെ കൃത്യമായ കണക്ക് ദേവസ്വം ബോർഡിലേക്ക് അടക്കുന്നില്ലെന്നും ആരോപണമുണ്ട്. മിക്കപ്പോഴും ഒരു പാൽപ്പായസം തയ്യാറാക്കേണ്ട സാധനങ്ങൾ കൊണ്ട് നാലും അഞ്ചും ആളുകളുടെ പേരിൽ രസീത് എഴുതുന്നുവെന്നും പരാതിയുണ്ട്.
നേരത്തെയും സമാന പരാതികൾ ഉയർന്നിട്ടും അതെല്ലാം ഒതുക്കിതീർക്കുകയായിരുന്നു. ഇതാണ് വഴിപാട് കൊള്ളക്കാരായ ചില ഉദ്യോഗസ്ഥർക്ക് തണലാകുന്നത്.
അതുപോലെ തുലാഭാരസേവയിലും വലിയ വെട്ടിപ്പ് അരങ്ങേറുന്നുണ്ട്. തുലാഭാരത്തിന് രസീത് കൊടുക്കാതെ തുലാഭാര സാധനങ്ങളായ അരി, ശർക്കര, പഞ്ചസാര, പഴം എന്നിവ ലേലം ചെയ്യാതെ മറിച്ചുവിൽക്കുന്നതായും പരാതിയുണ്ട്. ദേവസ്വം ബോർഡിന് കിട്ടേണ്ട ലക്ഷക്കണക്കിന് രൂപയാണ് ഇതുവഴി ചില ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്ക് ഒഴുകുന്നത്.
മാനദണ്ഡം ലംഘിച്ച് ആറൻമുള ദേവസ്വത്തിൽ തുടരുന്ന ഒരു ജീവനക്കാരനും ഈ ജീവനക്കാരനെ സംരക്ഷിക്കുന്ന ചില ഉദ്യോഗസ്ഥരുമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഒരു ദേവസ്വത്തിൽ പരമാവധി മൂന്ന് വർഷമാണ് സേവന കാലാവധിയെങ്കിലും ആരോപണ വിധേയനായ ജീവനക്കാരൻ കഴിഞ്ഞ നാലു വർഷമായി ഇവിടെ തുടർച്ചയായി ജോലി ചെയ്തു വരികയാണ്. ഭക്തർക്ക് യഥാവിധി പ്രസാദം ലഭിക്കാത്തതിനെപ്പറ്റി പരാതി നൽകിയാൽ ചില ഉദ്യോഗസ്ഥർ പരാതിക്കാരെ ഭീഷണിപ്പെടുത്തുകയാണ് പതിവ്. ഇത്തരത്തിൽ ധാർഷ്ട്യ മനോഭാവം കാട്ടുന്ന ചിലരാണ് ക്രമക്കേടുകൾക്ക് ചുക്കാൻ പിടിക്കുന്നത്.
തുലാഭാര സേവയിലെ വെട്ടിപ്പ്, പണമടച്ചിട്ടും പാൽപ്പായസം കിട്ടാത്ത സംഭവം എന്നിവ ചൂണ്ടിക്കാട്ടി ഭക്തജനങ്ങൾ ദേവസ്വം ബോർഡിനും ഹൈക്കോടതി ഓംബുഡ്സ്മാനും പരാതി നൽകി. ക്രമക്കേട് തടയാൻ കർശനവും സത്വരവുമായ അച്ചടക്ക നടപടി വേണമെന്നാണ് ഭക്തരുടെ ആവശ്യം.