റാസൽഖൈമ: ‘സായിദ് സ്ഥാപകദിനം’ യുഎഇയുടെ രാഷ്ട്രശിൽപിയോടുള്ള ആദരവും അദ്ദേഹം പകർന്നുനൽകിയ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും പുതുക്കുന്ന ദേശീയ അവസരമാണെന്ന് റാസൽഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ദിനാചരണം അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സംഭാവനകളും ദീർഘവീക്ഷണവും അനുസ്മരിക്കുന്നതിനുള്ള അവസരമാണ്. ഫെഡറേഷന്റെ അടിത്തറ പാകുകയും രാജ്യത്തിന്റെ പുരോഗതിക്ക് തുടക്കമിടുകയും ചെയ്ത അദ്ദേഹത്തിന്റെ പൈതൃകം എന്നും നിലനിൽക്കുമെന്നും കിരീടാവകാശി വ്യക്തമാക്കി.
മനുഷ്യവിഭവവികസനം, ഐക്യം, സേവനമനോഭാവം എന്നിവയ്ക്ക് ഷെയ്ഖ് സായിദ് നൽകിയ പ്രാധാന്യം ഭാവിയിലേക്കുള്ള രാജ്യത്തിന്റെ യാത്രയ്ക്ക് മാർഗദർശനമായി തുടരും. സ്ഥാപകപിതാവ് ജനമനസ്സുകളിൽ വളർത്തിയ മൂല്യങ്ങളോടുള്ള കൂറ് പുതുക്കാനുള്ള അവസരമായും ദിനാചരണത്തെ കാണണം.
രാജ്യം നേടിയ നേട്ടങ്ങൾ സംരക്ഷിക്കാനും വികസനപ്രവർത്തനങ്ങൾ തുടരാനും ഈ പൈതൃകം പ്രചോദനമാണ്. പുരോഗതിയുടെയും സാമൂഹിക ഐക്യത്തിന്റെയും സമൃദ്ധിയുടെയും മാതൃകയായി യുഎഇയെ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു.