കുവൈത്ത് സിറ്റി: ശുചിത്വപരിപാലനവും ഇലക്ട്രോണിക് മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണവും ലക്ഷ്യമിട്ട് കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ‘സ്പെഷ്യൽ കാമ്പയിൻ 6.0’ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ രാജ്യവ്യാപക ശുചിത്വ പ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബർ 28ന് നടന്ന പരിപാടിയിൽ ശുചീകരണ തൊഴിലാളികളുടെ സേവനവും ആദരിച്ചു.
എംബസി പരിസരവും ജോലിസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക, ഉപയോഗശൂന്യമായ രേഖകൾ നീക്കം ചെയ്യുക, ഓഫീസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയ്ക്ക് പ്രചാരണത്തിൽ പ്രാധാന്യം നൽകി. ഇലക്ട്രോണിക് മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ച് പരിസ്ഥിതിക്ക് ഹാനികരമാകാത്തവിധം സംസ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു.
എംബസിയിൽ ശുചിത്വവും ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷവും നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ‘സഫായി മിത്ര’ ശുചീകരണ ജീവനക്കാരുടെ സംഭാവനകൾ ചടങ്ങിൽ അംഗീകരിച്ചു. പരിസ്ഥിതി ഉത്തരവാദിത്തവും സുസ്ഥിര പ്രവർത്തനരീതികളും ഓഫീസ് നടത്തിപ്പിന്റെ ഭാഗമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് എംബസി വ്യക്തമാക്കി.