അബുദാബി: വിമാനത്തിലെ അടിയന്തര സാഹചര്യത്തിനിടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയ ഫ്ലൈദുബൈ ജീവനക്കാർക്ക് യുഎഇയുടെ ആദരം. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനജീവനക്കാർക്ക് ‘ഓർഡർ ഓഫ് സായിദ് സെക്കൻഡ്’ ഒന്നാം ക്ലാസ് ബഹുമതി സമ്മാനിച്ചു. സെപ്റ്റംബർ 30ലെ സംഭവത്തിനിടെ പ്രകടിപ്പിച്ച ധീരതയും ഉത്തരവാദിത്തബോധവും പരിഗണിച്ചാണ് അംഗീകാരം.

ജീവനക്കാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വിമാനത്തിന്റെ ക്യാപ്റ്റനെ പ്രസിഡന്റ് ചേർത്തുപിടിക്കുകയും അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്രതിസന്ധിയെ നേരിട്ട ജീവനക്കാരോടുള്ള കരുതലും ആദരവും പ്രകടമാക്കുന്നതായിരുന്നു കൂടിക്കാഴ്ച.

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജീവനക്കാരെ മെഡലുകൾ അണിയിച്ചു. യാത്രക്കാരുടെ ജീവനും സുരക്ഷയും സംരക്ഷിക്കുന്നതിൽ അവർ പ്രകടിപ്പിച്ച ഉത്തരവാദിത്തത്തെ അദ്ദേഹം പ്രശംസിച്ചു.

രാജ്യത്തിന്റെ അംഗീകാരത്തിൽ അഭിമാനമുണ്ടെന്നും പ്രസിഡന്റിനോട് നന്ദിയുണ്ടെന്നും ജീവനക്കാർ അറിയിച്ചു. ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.