ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാനും സംഘർഷം വീണ്ടും സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് തടയാനും ഖത്തറിന്റെ നേതൃത്വത്തിൽ മധ്യസ്ഥശ്രമം ശക്തമാക്കി. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അന്താരാഷ്ട്ര പരിശോധന അനുവദിക്കുന്നതിന് പകരമായി അമേരിക്കൻ ഉപരോധങ്ങളിൽ ഭാഗിക ഇളവ് നൽകുന്നതാണ് പരിഗണനയിലുള്ള നിർദേശം.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ച ആണവകേന്ദ്രങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ആണവപരിശോധകർക്ക് പ്രവേശനം അനുവദിക്കാൻ ഇറാനെ പ്രേരിപ്പിക്കുകയാണ് ഖത്തർ. പരിശോധന പുനഃസ്ഥാപിക്കുന്നതിലൂടെ ആണവപരിപാടിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ചർച്ചയ്ക്കുള്ള സാഹചര്യം ഒരുക്കാനാണ് ശ്രമം.
നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും ആക്രമണമുണ്ടാകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് നയതന്ത്ര ഇടപെടൽ. ഇരുപക്ഷത്തിനുമിടയിലെ അഭിപ്രായവ്യത്യാസങ്ങൾ കുറച്ച് ചർച്ചകൾക്ക് വഴിതുറക്കുന്നതിനാണ് മധ്യസ്ഥർ മുൻഗണന നൽകുന്നത്.
നിർദേശങ്ങളിൽ അന്തിമധാരണയായിട്ടില്ല. ഇറാന്റെ പ്രതികരണവും ഉപരോധ ഇളവുകളിലെ അമേരിക്കൻ നിലപാടും തുടർചർച്ചകളിൽ നിർണായകമാകും.