കുവൈത്ത് സിറ്റി: അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് അഹമ്മദി ഗവർണറേറ്റിലെ 11 സ്ഥാപനങ്ങൾ കുവൈത്ത് ഫയർ ഫോഴ്സ് ഭരണപരമായി അടപ്പിച്ചു. പരിശോധനയിൽ കണ്ടെത്തിയ വീഴ്ചകളുടെ അടിസ്ഥാനത്തിൽ മറ്റ് 99 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി.
അഗ്നിബാധ തടയുന്നതിനും കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടത്തിയ പരിശോധനയിലാണ് നടപടിയെടുത്തത്. ഫയർ ഫോഴ്സ് നിർദേശിക്കുന്ന സുരക്ഷാ–അഗ്നിപ്രതിരോധ വ്യവസ്ഥകൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്നാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.
അടച്ചുപൂട്ടിയ സ്ഥാപനങ്ങളും നോട്ടീസ് ലഭിച്ച സ്ഥാപനങ്ങളും ഫയർ ഫോഴ്സിന്റെ നിർബന്ധിത വ്യവസ്ഥകൾ പൂർണമായി പാലിച്ചിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. അഹമ്മദിയിലെ വിവിധ കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷാ വീഴ്ചകൾ കണ്ടെത്തുന്നതിനുള്ള പരിശോധനയുടെ ഭാഗമായാണ് നടപടി.