കുവൈത്ത് സിറ്റി: ദുബായിൽ നടന്ന പത്താമത് അറബ് വായനാ ചലഞ്ചിൽ നാല് വിഭാഗങ്ങളിൽ മികച്ച സ്ഥാനങ്ങൾ നേടി കുവൈത്ത്. മികച്ച മേൽനോട്ട അധ്യാപിക, മികച്ച വിദ്യാലയം, ഭിന്നശേഷി വിഭാഗം, മികച്ച വിദ്യാർഥി എന്നീ വിഭാഗങ്ങളിലാണ് കുവൈത്തിന്റെ നേട്ടം.

മികച്ച മേൽനോട്ട അധ്യാപികയ്ക്കുള്ള മത്സരത്തിൽ ബുദൂർ അൽ അസ്ഖ രണ്ടാം സ്ഥാനം നേടി. 1.62 ലക്ഷത്തിലധികം അധ്യാപകരും മേൽനോട്ട ചുമതലയുള്ളവരും ഉൾപ്പെട്ട മത്സരത്തിലാണ് അംഗീകാരം. മികച്ച വിദ്യാലയത്തിനുള്ള വിഭാഗത്തിൽ യർമൂക്ക് ഗേൾസ് സെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനത്തെത്തി.

ഭിന്നശേഷി വിദ്യാർഥികളുടെ വിഭാഗത്തിൽ അബ്ദുല്ല അൽ മുതൈരി നാലാം സ്ഥാനം കരസ്ഥമാക്കി. മികച്ച വിദ്യാർഥിക്കുള്ള മത്സരത്തിൽ നൂർ അൽ കന്ദരി അറബ് ലോകത്തെ ആദ്യ പത്ത് സ്ഥാനക്കാരിൽ ഇടം നേടി.

വിജയികളെ വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ തബ്തബാഈ അഭിനന്ദിച്ചു. വായനയും അറിവും പ്രോത്സാഹിപ്പിക്കുന്ന അറബ് തലത്തിലെ പ്രധാന മത്സരത്തിൽ കുവൈത്തിലെ വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും മികവ് തെളിയിക്കുന്ന നേട്ടമാണിതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.