തിരുവനന്തപുരം: ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണമെന്ന് എക്സൈസ് മന്ത്രി എം ലിജു. ആധാര്‍ പരിശോധിച്ച ശേഷം മാത്രമായിരിക്കണം മദ്യ വിതരണം. 23 വയസ്സാണ് കേരളത്തില്‍ അംഗീകരിക്കപ്പെട്ട മദ്യ ഉപഭോഗത്തിന്റെ പ്രായം. കുട്ടികള്‍ക്ക് മദ്യം കൊടുത്ത ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ബാറുകള്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിംഗ് എന്ന സംസ്‌കാരം കേരളത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ലഹരി കുറച്ചു കൊണ്ടുവരിക, അതേസമയം ടൂറിസം മേഖലയെ തകർച്ചയിലേക്ക് തള്ളിവിടാതിരിക്കുക എന്ന സമീപനമാണ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. നെടുമ്പാശേരിയിൽ അപകടം വരുത്തിയ കുട്ടികൾക്ക് മദ്യം കൊടുത്ത ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇത്തരം സമീപനം തുടർന്നാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.