ന്യൂഡൽഹി: ഡിജിറ്റൽ തട്ടിപ്പ് കേസുകൾ പരിശോധിക്കുന്നതിൽ ജാഗ്രതക്കുറവ് ഉണ്ടായാൽ ഇരകൾക്കുണ്ടാകുന്ന നഷ്ടത്തിന് ബാങ്കുകളായിരിക്കും ഉത്തരവാദികളെന്ന് സുപ്രീംകോടതി. ഡിജിറ്റൽ അറസ്റ്റ്, സൈബർ തട്ടിപ്പ് തുടങ്ങിയ സംഭവങ്ങളിൽ ബാങ്കുകളുടെ ഭാഗത്ത് നിന്ന് ജാഗ്രതകുറവുണ്ടായതായി കണ്ടെത്തിയാൽ ഉപഭോക്താവിന് നഷ്ടപ്പെട്ട തുക ബാങ്കുകൾ തിരികെ നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ സ്വമേധ്യാ എടുത്ത പൊതുതാൽപര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം.
സാധാരണയായി 10,000 രൂപ പിൻവലിക്കുന്ന ഉപഭോക്താവ് 50,000 രൂപ പിൻവലിച്ചാൽ ബാങ്കുകൾ അത് പരിശോധിക്കേണ്ടതല്ലേ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സൈബർ കുറ്റകൃത്യങ്ങളിൽ പണം കൈമാറാൻ ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകളുടെ പ്രശ്നവും ബാങ്കുകളുടെ ഉത്തരവാദിത്തവും ആണ് പ്രധാനമായും പരിഹരിക്കപ്പെടേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
"പ്രശ്നം എന്താണെന്നാൽ ബാങ്ക് ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു എന്നതാണ്. നടപടിയെടുക്കാൻ ഞങ്ങൾ ആവശ്യപ്പെടുമ്പോൾ പോലും ആർബിഐ ആകട്ടെ ബാങ്കുകളുമായി തന്നെയാണ് കൂടിയാലോചന നടത്തുന്നത്"- ചീഫ് ജസ്റ്റിസ് വാക്കാൽ നിരീക്ഷിച്ചു.
ജനങ്ങളുടെ അക്കൗണ്ടുകളിലെ തുകയെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ കൈവശമുള്ള ബാങ്കുകൾ, പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സംശയാസ്പദമോ തട്ടിപ്പ് ലക്ഷ്യമിട്ടുള്ളതോ ആയ സന്ദേശങ്ങൾ തടയാൻ ഇടപെടാത്തതെന്താണെന്നും ചീഫ് ജസ്റ്റിസ് അറ്റോർണി ജനറലിനോട് ചോദിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരിഗണിച്ചത്.