പ്യോങ്യാങ്: ആളില്ലാ വിമാനങ്ങളുടെ സാങ്കേതികവിദ്യ അതിവേഗം വികസിപ്പിക്കണമെന്നും ഈ രംഗത്ത് സമ്പൂർണ മേൽക്കൈ നേടണമെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ നിർദേശിച്ചു. വിവിധ ആക്രമണ ഡ്രോണുകളും മറ്റ് ആളില്ലാ വിമാനങ്ങളും പ്രദർശിപ്പിച്ച ആയുധമേള സന്ദർശിക്കവെയായിരുന്നു നിർദേശം.

ആത്മഹത്യാ ആക്രമണ ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ, റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങൾ എന്നിവയുടെ പ്രകടനവും നടന്നു. ആളില്ലാ ആയുധങ്ങളിൽ നൂതന കൃത്രിമബുദ്ധിയുടെ ഉപയോഗത്തിന് സൈനിക മുൻഗണന നൽകണമെന്നും കിം ആവശ്യപ്പെട്ടു.

ദക്ഷിണകൊറിയയുമായുള്ള അതിർത്തി സംഘർഷം തുടരുന്നതിനിടെയാണ് ഉത്തരകൊറിയയുടെ പുതിയ നീക്കം. ഡ്രോണുകളുടെ വികസനവും സൈനിക ഉപയോഗവും വിപുലപ്പെടുത്തുന്നതിന് രാജ്യം നൽകുന്ന പ്രാധാന്യമാണ് പ്രദർശനത്തിലൂടെ വ്യക്തമാകുന്നത്.