ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലൂടെയുള്ള നിയമാനുസൃത കപ്പൽഗതാഗതവും നാവികസ്വാതന്ത്ര്യവും തടസ്സപ്പെടുത്തുന്ന ആക്രമണങ്ങളും ഭീഷണികളും അവസാനിപ്പിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ബാബ് അൽ മന്ദബ് മേഖലയിലെ സമുദ്രസുരക്ഷ ഉറപ്പാക്കണമെന്നും ഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ താരിഖ് അൽ ബന്നായി വ്യക്തമാക്കി.

പുതിയ സാങ്കേതികവിദ്യകളും സമുദ്രസുരക്ഷയും അന്താരാഷ്ട്ര സമാധാനത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് യുഎൻ സുരക്ഷാസമിതിയിൽ നടന്ന ഉന്നതതല തുറന്ന ചർച്ചയിലാണ് കുവൈത്ത് നിലപാട് അറിയിച്ചത്. തന്ത്രപ്രധാന കടൽപ്പാതകളുടെ സംരക്ഷണം രാജ്യങ്ങളുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും അതിൽ ഇരട്ടത്താപ്പിനോ വിവേചനപരമായ സമീപനത്തിനോ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡ്രോണുകളും അത്യാധുനിക മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ രാജ്യങ്ങളുടെ സുരക്ഷയ്ക്കും ലോകസമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയായി മാറിയിരിക്കുകയാണ്. വാണിജ്യക്കപ്പലുകൾക്കെതിരായ ആക്രമണങ്ങളും കടൽപ്പാതകളിലെ തടസ്സങ്ങളും ആഗോള വിതരണശൃംഖലകളെയും ഊർജ, ഭക്ഷ്യവിലകളെയും ബാധിക്കുന്നതായി അൽ ബന്നായി ചൂണ്ടിക്കാട്ടി.

കപ്പലുകൾ, തുറമുഖങ്ങൾ, നാവിഗേഷൻ സംവിധാനങ്ങൾ, ആശയവിനിമയ ശൃംഖലകൾ എന്നിവയ്ക്കെതിരായ സൈബർ ആക്രമണങ്ങളും പുതിയ വെല്ലുവിളികളാണ്. സാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയാൻ വ്യക്തമായ അന്താരാഷ്ട്ര ചട്ടക്കൂടുകളും വിവരപങ്കിടലും സഹകരണവും വേണം. സ്വയംപ്രവർത്തിക്കുന്ന സംവിധാനങ്ങളിലും മനുഷ്യന്റെ ഉത്തരവാദിത്വവും മേൽനോട്ടവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.