കുവൈത്ത് സിറ്റി: ഇറക്കുമതി ചെയ്ത മത്സ്യത്തിന്റെ ഉത്പാദനത്തീയതിയും ഉപയോഗകാലാവധിയും തിരുത്തി വിൽപ്പന നടത്തിയെന്ന കേസിൽ 27 പ്രതികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി. 894 പെട്ടി മത്സ്യം കയറ്റിയിരുന്ന 16 ശീതീകരണ വാഹനങ്ങളും വ്യാജ ലേബലുകൾ തയ്യാറാക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറും കസ്റ്റഡിയിലെടുത്തു.

വാണിജ്യത്തട്ടിപ്പ് തടയുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ വ്യാജരേഖാ വിരുദ്ധ വിഭാഗമാണ് അന്വേഷണം നടത്തിയത്. തെറ്റായ തീയതികൾ അച്ചടിച്ച ലേബലുകൾ പതിച്ച് മത്സ്യത്തിന്റെ ഉപയോഗകാലാവധി നീട്ടിക്കാണിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

ഇത്തരത്തിൽ തീയതി മാറ്റിയ മത്സ്യം റസ്റ്റോറന്റുകൾക്കും കമ്പനികൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും വിറ്റിരുന്നതായി മന്ത്രാലയം അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി നേടിയശേഷം സെൻട്രൽ മത്സ്യമാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

ഒരു അച്ചടിസ്ഥാപനത്തിന്റെ സഹായത്തോടെയാണ് ലേബലുകൾ തയ്യാറാക്കിയതെന്ന് പ്രതികൾ സമ്മതിച്ചതായി അധികൃതർ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട മറ്റു രണ്ട് കമ്പനികളുടെ വിലാസങ്ങളിൽ പരിശോധന നടത്തിയപ്പോൾ യഥാർഥ വ്യാപാരപ്രവർത്തനം ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർനിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.