ദോഹ: ഇസ്രായേൽ തിരഞ്ഞെടുപ്പിൽ ഇടപെടുകയോ ഫലം സ്വാധീനിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയോ ചെയ്തെന്ന ആരോപണങ്ങൾ ഖത്തർ നിഷേധിച്ചു. ഇസ്രായേലിലെ ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങളിലേക്ക് ഖത്തറിനെ വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി.

ബെഞ്ചമിൻ നെതന്യാഹുവിനെ സ്വാധീനിച്ചെന്നും ഇടതുപക്ഷത്തെ സഹായിച്ചെന്നും അറബ് വോട്ടർമാരെ സ്വാധീനിച്ചെന്നുമുള്ള പരസ്പരവിരുദ്ധ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ഇസ്രായേലി രാഷ്ട്രീയ നേതാക്കളുടെ പരാജയങ്ങൾക്ക് ഖത്തറിനെ ബലിയാടാക്കരുതെന്നും സ്വന്തം വോട്ടർമാരുടെ ആവശ്യങ്ങൾ പരിഹരിക്കാനാണ് അവർ ശ്രദ്ധിക്കേണ്ടതെന്നും അൽ അൻസാരി പറഞ്ഞു.

ഇസ്രായേലിന്റെ രാഷ്ട്രീയവും തിരഞ്ഞെടുപ്പ് മത്സരവും ആഭ്യന്തര വിഷയങ്ങളാണെന്നും അതിൽ ഖത്തർ ഇടപെടുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ഏതു സർക്കാരും അന്താരാഷ്ട്ര നിയമവും ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളും പാലിക്കണം. ഫലസ്തീനികളുടെ സ്വയംനിർണയാവകാശവും 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായുള്ള സ്വതന്ത്ര രാഷ്ട്രത്തിനുള്ള അവകാശവും അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ആരോപണങ്ങൾ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെയോ നയതന്ത്ര–മാനുഷിക പ്രവർത്തനങ്ങളെയോ ബാധിക്കില്ല. പ്രാദേശികവും അന്താരാഷ്ട്രവുമായ പങ്കാളികളുമായി സഹകരിച്ച് സംഘർഷങ്ങൾ നയതന്ത്രത്തിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.