കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിലെ നസീം, ഖസർ, വാഹ പ്രദേശങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ അഞ്ച് താമസനിയമലംഘകരെയും ഒരു കേസിൽ അന്വേഷിച്ചിരുന്നയാളെയും സുരക്ഷാസേന പിടികൂടി. ജഹ്റ സുരക്ഷാ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകൾ ചേർന്നാണ് പരിശോധന നടത്തിയത്.
സ്വകാര്യ താമസകെട്ടിടങ്ങൾക്കുള്ളിൽ വ്യാപാരപ്രവർത്തനങ്ങൾ നടത്തിയിരുന്ന അഞ്ച് താമസനിയമലംഘകരാണ് പിടിയിലായത്. ജോലിസ്ഥലത്തുനിന്നുള്ള ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസിൽ പിടികൂടാൻ നിർദേശമുണ്ടായിരുന്ന മറ്റൊരാളെയും കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾക്ക് മൂന്ന് റിപ്പോർട്ടുകളും മുനിസിപ്പൽ ചട്ടലംഘനങ്ങൾക്ക് നാല് റിപ്പോർട്ടുകളും വൈദ്യുതി വകുപ്പിന്റെ പരിധിയിലുള്ള ലംഘനങ്ങൾക്ക് രണ്ട് റിപ്പോർട്ടുകളും തയ്യാറാക്കി. മൂന്ന് പലചരക്കുകടകളും അവിവാഹിതരുടെ രണ്ട് താമസകേന്ദ്രങ്ങളും തുടർനടപടികൾക്കായി രേഖപ്പെടുത്തി.
കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി–ജല–പുനരുപയോഗ ഊർജ മന്ത്രാലയം, ഭക്ഷ്യ–പോഷണ അതോറിറ്റി എന്നിവ പരിശോധനയിൽ പങ്കെടുത്തു. കണ്ടെത്തിയ ലംഘനങ്ങളിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.