കുവൈത്ത് സിറ്റി: കാഴ്ചപരിമിതിയുള്ള കുവൈത്ത് സ്വദേശിനിക്ക് സ്ഥിരമായ മധ്യനില കാഴ്ചഭിന്നശേഷി സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകാൻ ഭരണകോടതി ഉത്തരവിട്ടു. ഭിന്നശേഷിക്കാരുടെ കാര്യങ്ങൾക്കായുള്ള പൊതുഅതോറിറ്റിയുടെ സാങ്കേതിക സമിതി എടുത്ത തീരുമാനം റദ്ദാക്കിയാണ് കോടതി യുവതിക്ക് അനുകൂലമായി വിധിച്ചത്.
യുവതിയെ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. കാഴ്ചപരിമിതിയുടെ തീവ്രതയും അതിന്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട നിയമപരമായ അവകാശങ്ങളും സംബന്ധിച്ച തർക്കത്തിലാണ് വിധി.
യുവതിക്ക് കാഴ്ചശേഷിയിൽ പരിമിതിയുണ്ടെന്ന് മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നതായി അഭിഭാഷകൻ മുഹമ്മദ് സാതി അൽ ഉതൈബി പറഞ്ഞു. ഈ രേഖകൾക്ക് വിരുദ്ധമായാണ് സാങ്കേതിക സമിതി തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി ഉത്തരവോടെ ഭിന്നശേഷി സർട്ടിഫിക്കറ്റിനും അതുമായി ബന്ധപ്പെട്ട നിയമാനുസൃത ആനുകൂല്യങ്ങൾക്കും യുവതിയുടെ അർഹത അംഗീകരിക്കപ്പെട്ടു.