കുവൈത്ത് സിറ്റി: തൊഴിൽ കരാറിൽ നിശ്ചയിച്ച വേതനം കരാർ പ്രാബല്യത്തിലുള്ള കാലയളവിൽ കുറയ്ക്കാൻ പാടില്ലെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വിശദീകരിക്കുന്ന ബോധവത്കരണ സന്ദേശത്തിലാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
തൊഴിൽനിയമത്തിലെ 28ാം വകുപ്പ് പ്രകാരം നിശ്ചിത കാലാവധിയുള്ളതോ കാലാവധി നിശ്ചയിക്കാത്തതോ ആയ കരാറുകളിൽ വേതനം കുറയ്ക്കുന്നത് അനുവദനീയമല്ല. ഈ വ്യവസ്ഥയ്ക്ക് വിരുദ്ധമായ ധാരണകൾക്ക് സാധുതയില്ലെന്നും നിയമം വ്യക്തമാക്കുന്നു. കരാറിൽ ജോലിയുടെ സ്വഭാവം, വേതനം, പ്രാബല്യത്തീയതി, നിശ്ചിത കാലാവധിയുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ എന്നിവ രേഖപ്പെടുത്തണം.
തൊഴിലുടമയ്ക്ക് നൽകാനുള്ള കടമോ വായ്പയോ തിരിച്ചുപിടിക്കുന്നതിനായി തൊഴിലാളിയുടെ വേതനത്തിൽനിന്ന് പരമാവധി പത്ത് ശതമാനം മാത്രമേ പിടിക്കാവൂ. ഇത്തരത്തിലുള്ള വായ്പകൾക്ക് പലിശ ഈടാക്കാനും പാടില്ലെന്ന് അതോറിറ്റി അറിയിച്ചു.
മറ്റ് കടങ്ങൾക്കായി വേതനം ജപ്തി ചെയ്യുന്നതോ വിട്ടുനൽകുന്നതോ ശമ്പളത്തിൽനിന്ന് തുക പിടിക്കുന്നതോ ആകെ വേതനത്തിന്റെ 25 ശതമാനത്തിൽ കവിയരുത്. ഒന്നിലധികം കടങ്ങളുണ്ടെങ്കിലും ഈ പരിധി ബാധകമാണ്. തൊഴിലുടമയുടെ കുടിശ്ശിക തിരിച്ചുപിടിക്കുന്നതിനുള്ള പ്രത്യേക പരിധിയും പാലിക്കണം. വിവിധ കടങ്ങൾ ഒരുമിച്ച് തീർപ്പാക്കേണ്ട സാഹചര്യത്തിൽ ജീവനാംശ ബാധ്യതയ്ക്കാണ് മുൻഗണനയെന്നും അതോറിറ്റി വിശദീകരിച്ചു.