ഇന്ധന വില വർധനയും സ്ത്രീ സൗജന്യ യാത്രയും കെഎസ്ആർ ടിസിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു

ബംഗളൂരു: ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കർണാടകത്തിൽ ബസ് യാത്രാനിരക്ക് കുത്തനെ കൂട്ടിയേക്കും. 18 മുതൽ 24 ശതമാനം വരെ യാത്രാനിരക്ക് കൂട്ടാനാണ് ധാരണ. നവംബർ മൂന്നിന് പൊതുഗതാഗത കോർപ്പറേഷൻ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. തുടർന്ന് നവംബർ നാലിന് അന്തിമ തീരുമാനം പ്രഖ്യാപിക്കാനുമാണ് ധാരണ. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിരക്ക് വർധനയല്ലാതെ മറ്റു വഴിയില്ലെന്നാണ് പൊതുഗതാഗത ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അടിക്കടിയുള്ള ഇന്ധന വില വർധനയും സ്ത്രീകളുടെ സൗജന്യ യാത്രയും സംസ്ഥാനത്തെ നാല് പൊതുഗതാഗത കോർപ്പറേഷനുകളുടെയും നില പരുങ്ങലിലാക്കി എന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2025 ജനുവരി അഞ്ചിനാണ് ഏറ്റവുമൊടുവിൽ ബസ് യാത്രാനിരക്ക് കൂട്ടിയത്. അന്ന് 15 ശതമാനമാണ് വർധിപ്പിച്ചത്. നവംബർ ഒന്നിന് പാൽ വില വർധിപ്പിക്കുന്നതിനുപിന്നാലെ ബസ് യാത്രാനിരക്ക് കൂടി കൂട്ടിയാൽ അത് ജനങ്ങൾക്ക് ഇരുട്ടടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

25 മുതൽ 40 ശതമാനം വരെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന്പബ്ലിക്ക് ട്രാൻസ്‌പോർട്ട് ഫെയർ റഗുലേറ്ററി കമ്മിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. കെഎസ്ആർടിസി (KSRTC), എൻഡബ്ല്യുകെആർടിസി (NWKRTC), കെകെആർടിസി (KKRTC) എന്നിവയ്ക്ക് 25 ശതമാനവും, ബിഎംടിസിക്ക് (BMTC) 40 ശതമാനവും നിരക്ക് വർധിപ്പിക്കണമെന്നുമായിരുന്നു വിരമിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അതുൽ കുമാർ തിവാരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയുടെ ശുപാർശ. ഈ റിപ്പോർട്ട് സർക്കാർ വിശദമായി ചർച്ച ചെയ്തശേഷമാണ് നവംബർ മൂന്നിന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തിരിക്കുന്നത്. നിരക്ക് വർധന അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കാനാണ് തത്വത്തിലുള്ള തീരുമാനം.

കോർപ്പറേഷനുകളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായി ബസ് നിരക്ക് വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചതായി ഗതാഗത മന്ത്രി ബൈരട്ടി സുരേഷ് പറഞ്ഞു. ഒരു വർഷത്തിനിടെ കേന്ദ്ര സർക്കാർ ഇന്ധനവില അഞ്ച് തവണ വർധിപ്പിച്ചതിനെത്തുടർന്ന്, സംസ്ഥാനത്തെ നാല് പൊതുഗതാഗത കോർപ്പറേഷനുകളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.