ബംഗളൂരു: കർണാടകത്തിൽ നന്ദിനി പാൽ വില ലിറ്ററിന് 8 രൂപ കൂട്ടി. ഇതോടെ സാധാരണ ടോൺഡ് മിൽക്കിന്റെ (നീല പാക്കറ്റ്) വില ലിറ്ററിന് 46ൽ നിന്ന് 54 രൂപയായി ഉയരും. നിരക്ക് വർധനയ്ക്ക് കർണാടക മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുതിയ നിരക്കുകൾ രാജ്യോത്സവ ദിനമായ (കർണാടകപ്പിറവി) നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ നാല് വർഷത്തിനിടെ അഞ്ച് തവണകളായി ലിറ്ററിന് 20 രൂപയാണ് വില കൂട്ടിയത്. 2022 നവംബറിൽ മൂന്ന് രൂപയും 2023 ആഗസ്തിൽ മൂന്ന് രൂപയും കൂട്ടി. 2024 ജൂണിൽ ലിറ്ററിന് വില രണ്ട് രൂപ കൂടി വർധിപ്പിച്ചു. തൊട്ടുപിന്നാലെ എട്ടു മാസത്തിനുശേഷം 2025 ഏപ്രിലിൽ നാല് രൂപ വീണ്ടും കൂട്ടി. അതിനുശേഷമാണ് ഇത്രയുമധികം വില വർധിപ്പിക്കുന്നത്.
ലിറ്ററിന് 10 രൂപ വർധിപ്പിക്കണമെന്നായിരുന്നു ക്ഷീരകർഷകരുടെ ആവശ്യം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത്തരമൊരു നടപടിയിലേക്ക് സർക്കാരിന് കടക്കാൻ കഴിയില്ലെന്നും നിരക്ക് വർധനയുടെ എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ് എട്ടു രൂപ കൂട്ടിയതെന്നും മന്ത്രി കൃഷ്ണ ബൈരെ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു.
വർധിപ്പിച്ച 8 രൂപയിൽ 7 രൂപ കർഷകർക്കും ഒരു രൂപ കെ എം എഫിനും (കർണാടക മിൽക്ക് ഫെഡറേഷൻ) ലഭിക്കും.
വിശദാംശങ്ങൾ ഇങ്ങനെ.
സാധാരണ ടോൺഡ് മിൽക്ക് (നീല പാക്കറ്റ്) വില ലിറ്ററിന് 46 ൽ നിന്നും 54 രൂപയായി കൂടും.
വർധിപ്പിച്ച 8 രൂപയിൽ 7 രൂപ ക്ഷീര കർഷകർക്ക് നേരിട്ട് ലഭിക്കും.
കാലിത്തീറ്റ, പുല്ല് എന്നിവയുടെ വിലക്കയറ്റം, കൊടിയ വരൾച്ച കാരണമുള്ള പ്രതിസന്ധികൾ എന്നിവ മറികടക്കാൻ നിരക്ക് വർധന കർഷകർക്ക് സഹായകമാകും.
ഒരു രൂപ കർണാടക മിൽക്ക് ഫെഡറേഷന്. പാക്കേജിങ്, ഗതാഗത ചെലവുകൾ കൂടിയ സാഹചര്യത്തിൽ ഇത് കെ എം എഫിനും ഉപകാരപ്രദമാകും.
പ്രത്യാഘാതം
കെ എം എഫ് ഉൽപ്പന്നങ്ങളായ നെയ്യ്, വെണ്ണ, ചീസ്, തൈര് എന്നിവയുടെ വിലയും കുത്തനെ കൂടും. നവംബർ മൂന്നാം വാരത്തിനകം ഇവയുടെ വിലയും കൂട്ടും.
പാൽ വില വർധന കർണാടകത്തിലെ ഹോട്ടലുകളിലും ഭക്ഷണ സാധനങ്ങളുടെ നിരക്ക് വർധനയ്ക്ക് വഴിയൊരുക്കും. ചായ, കാപ്പി, പാൽ, പാലുപയോഗിച്ചുള്ള ഭക്ഷണ സാധനങ്ങൾ എന്നിവയുടെ വില അഞ്ച് ശതമാനത്തിലേറെ കൂട്ടും. ഹോട്ടലുകളിലെ നിരക്ക് വർധനയ്ക്കും തത്വത്തിൽ തീരുമാനമായിട്ടുണ്ട്.