കുവൈത്ത് സിറ്റി: ഡെലിവറി തൊഴിലാളികളുടെ താമസസ്ഥലങ്ങളിലെ ദുരവസ്ഥയെക്കുറിച്ച് പരാതികൾ വർധിച്ചതിനെത്തുടർന്ന് പരിശോധനകൾ വ്യാപിപ്പിക്കാൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തൊഴിലാളി താമസകേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാൻ അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ റബാബ് അൽ ഉസൈമി നിർദേശം നൽകി.

‘ബല്ലിഗ്‌നി’ ഇലക്ട്രോണിക് പരാതിസേവനത്തിലൂടെ ലഭിച്ച പരാതികളിൽ താമസസ്ഥലങ്ങളുടെ ശോചനീയാവസ്ഥയും അനുവദനീയമായതിലധികം തൊഴിലാളികളെ പാർപ്പിക്കുന്നതും ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യ, തൊഴിൽസുരക്ഷാ നിബന്ധനകൾ പാലിക്കാത്ത ഇത്തരം സാഹചര്യങ്ങൾ രോഗവ്യാപനത്തിന് ഇടയാക്കുന്നതായും കണ്ടെത്തി.

സമീപകാല പരിശോധനകളിൽ വീഴ്ച കണ്ടെത്തിയ കമ്പനികൾക്ക് പരിഹാരനടപടികൾ സ്വീകരിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനുവദിച്ച സമയത്തിനുള്ളിൽ സ്ഥിതി മെച്ചപ്പെടുത്താത്ത കമ്പനികൾക്കെതിരെ കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കും. വീണ്ടും പരിശോധന നടത്തി നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കും.

പ്രവാസി തൊഴിലാളികളുടെ അവകാശങ്ങളും ആരോഗ്യവും സുരക്ഷയും അന്തസ്സും സംരക്ഷിക്കുന്ന നടപടികൾക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിരന്തര മേൽനോട്ടമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. തൊഴിൽനിയമലംഘനങ്ങൾ ‘ബല്ലിഗ്‌നി’ സേവനത്തിലൂടെ രഹസ്യമായി അറിയിക്കാമെന്നും അതോറിറ്റി അറിയിച്ചു.