കുവൈത്ത് സിറ്റി: കുവൈത്തിൽ ചിതറിയ മഴയ്ക്കും ചില സമയങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നൽകിയ കാലാവസ്ഥാ അറിയിപ്പിൽ ഉയർന്ന താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസുമാണ് പ്രതീക്ഷിക്കുന്നത്.
പകൽ താരതമ്യേന ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയും രാത്രിയിൽ മിതമായ താപനിലയും ഈർപ്പവും അനുഭവപ്പെടും. വാരാന്ത്യത്തിലും ചിതറിയ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചില സമയങ്ങളിൽ കാറ്റ് ശക്തമാകാനും പുറത്തുനിന്നെത്തുന്ന പൊടിക്കാറ്റ് മൂലം കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും ഇടയുണ്ടെന്നാണ് പ്രവചനം.
മഴയും മൂടൽമഞ്ഞും അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർ വേഗം നിയന്ത്രിക്കുകയും മുന്നിലുള്ള വാഹനവുമായി മതിയായ സുരക്ഷാ അകലം പാലിക്കുകയും വേണം. യാത്രയ്ക്കുമുമ്പ് കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ അറിയിപ്പുകൾ പരിശോധിക്കുന്നത് ഉചിതമാണ്.