കുവൈത്ത് സിറ്റി: മയക്കുമരുന്ന്, മനഃപ്രഭാവ വസ്തുക്കളുടെ വ്യാപാരം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നാല് വ്യത്യസ്ത കേസുകളിൽ അഞ്ചുപേരെ കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പിടികൂടി.

നടപടികളിൽ 4,000 ലിറിക്ക ക്യാപ്‌സ്യൂളുകളും അതേ പദാർഥത്തിന്റെ നാല് കിലോഗ്രാം പൊടിയും 170 ഗ്രാം ഷബുവും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള തുടർച്ചയായ സുരക്ഷാനടപടികളുടെ ഭാഗമായാണ് പ്രതികളെ പിടികൂടിയത്.

‘കെമിക്കൽ’ ലഹരിപദാർഥം കലർത്തിയ 15 പേപ്പറുകൾ, ഒരു ഗ്രാം കെമിക്കൽ, അഞ്ച് ഗ്രാം ഹഷീഷ്, ഒരു ഗ്രാം കൊക്കെയ്ൻ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. അളന്നുതൂക്കുന്നതിനുള്ള നാല് സൂക്ഷ്മ ത്രാസുകളും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും ഉപകരണങ്ങളും തുടർനിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി മന്ത്രാലയം വ്യക്തമാക്കി.