കുവൈത്ത് സിറ്റി: വാഹന രജിസ്‌ട്രേഷൻ രേഖയായ ‘ദഫ്തർ’ സർക്കാർ സേവന ആപ്ലിക്കേഷനായ ‘സഹൽ’ വഴി പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം വിശദീകരിച്ചു. ഇൻഷുറൻസ് പുതുക്കലും സാങ്കേതിക പരിശോധനയും പൂർത്തിയാക്കിയശേഷമാണ് അപേക്ഷകൻ സഹൽ വഴി പുതുക്കൽ നടപടികൾ നടത്തേണ്ടത്.

ആദ്യം ‘ബീമ’ ഇൻഷുറൻസ് പോർട്ടലിൽ പ്രവേശിച്ച് തേർഡ് പാർട്ടി ഇൻഷുറൻസ് നൽകുന്ന കമ്പനി തിരഞ്ഞെടുക്കണം. ഓൺലൈനായി പണമടച്ചശേഷം ഇൻഷുറൻസ് രേഖയുടെ പ്രിന്റ് എടുക്കണം. തുടർന്ന് സിവിൽ ഐഡിയിൽ രേഖപ്പെടുത്തിയ താമസവിലാസത്തിന്റെ പരിധിയിലുള്ള വാഹന സാങ്കേതിക പരിശോധനാ വിഭാഗത്തിൽ വാഹനം ഹാജരാക്കണം.

വാഹനം പരിശോധന വിജയകരമായി പൂർത്തിയാക്കി ഫലം അംഗീകരിച്ചശേഷം സഹൽ ആപ്പിലെ ആഭ്യന്തര മന്ത്രാലയ സേവനങ്ങളിൽ പ്രവേശിക്കണം. ‘ട്രാഫിക് സേവനങ്ങൾ’ വിഭാഗത്തിൽ വാഹന ലൈസൻസ് പുതുക്കാനുള്ള സേവനം തിരഞ്ഞെടുത്ത് ബന്ധപ്പെട്ട വാഹനം നിർദേശിക്കുകയും തുടർനടപടികളും പണമടയ്ക്കലും പൂർത്തിയാക്കുകയും വേണം.

പുതുക്കിയ വാഹന രജിസ്‌ട്രേഷന്റെ ഡിജിറ്റൽ പതിപ്പ് ‘ഹവിയത്തി’ ആപ്പിൽ ലഭ്യമാകുമെന്നും ഈ ഡിജിറ്റൽ രേഖ ഉപയോഗിക്കാമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.