പ്രമുഖ സംഗീതസംവിധായകൻ ഇളയരാജ താൻ എന്തുകൊണ്ടാണ് പ്രിയപ്പെട്ടവരുടെ മരണാന്തര ചടങ്ങുകളിലും അന്തിമ ചടങ്ങുകളിലും പങ്കെടുക്കാത്തത് എന്ന് തുറന്നുപറയുന്നു.
തന്നോട് അടുപ്പമുള്ളവരുടെയും ഒപ്പം ജോലി ചെയ്തവരുടെയും വേർപാടുകളിൽ നേരിട്ട് പങ്കെടുക്കാത്തതിനെതിരെ മുൻപും പലപ്പോഴായി ചർച്ചകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഈ വിഷയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ ദീർഘകാല സഹപ്രവർത്തകനും പ്രമുഖ ഗിത്താറിസ്റ്റുമായ സധാനന്ദത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇളയരാജ തന്റെ നിലപാട് വ്യക്തമാക്കിയത്.
മനുഷ്യജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ആ യാഥാർത്ഥ്യത്തെയും തന്റെ വ്യക്തിപരമായ തീരുമാനത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു.
"മരണശേഷം ഞാൻ ആരെയും ചെന്ന് കാണാറില്ല.
അവർ ആ അവസ്ഥയിൽ കിടക്കുന്നത് കാണാൻ എനിക്ക് ഇഷ്ടവുമല്ല. കാരണം, അവർ ജീവിച്ചിരുന്നപ്പോൾ എന്നോടൊപ്പം ജീവിച്ചവരും ജോലി ചെയ്തവരുമാണ്.
എന്റെ വികാരങ്ങളുമായി ഇഴുകിച്ചേർന്നുനിന്നവരാണ് അവർ," എന്ന് ഇളയരാജ വ്യക്തമാക്കി.
തങ്ങളോടൊപ്പം സന്തോഷത്തോടെയും ഊർജത്തോടെയും ഒന്നിച്ച് പ്രവർത്തിച്ച നല്ല ഓർമ്മകളെയാണ് താൻ മനസ്സിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നത് എന്നും, അവരുടെ അവസാനത്തെ ആ രൂപം കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലത്തെ സംഗീത ജീവിതത്തിനിടയിൽ തനിക്കൊപ്പം സഞ്ചരിച്ച ഒരുപാട് പേരുടെ വേർപാട് വലിയ തോതിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും, അവരുടെ അവസാന നിമിഷങ്ങളെ ഓർക്കുന്നതിനേക്കാൾ ഉപരി അവർ ജീവിച്ചിരുന്ന കാലത്തെ സുന്ദരമായ ഓർമ്മകൾ നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഈ വാക്കുകളിലൂടെ ഇളയരാജ വ്യക്തമാക്കുന്നു.
സധാനന്ദത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം ആത്മാവിനായി പ്രാർത്ഥിക്കുകയും ചെയ്തു.