കുവൈത്ത്: നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്ക് വർധനവ് പുനഃപരിശോധിച്ച് സാധാരണ പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കുകൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി മഞ്ഞളാംകുഴി അലി എം.എൽ.എയ്ക്ക് നിവേദനം നൽകി.
കേരള സർക്കാർ പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന നോർക്ക റൂട്ട്സ് ഇൻഷുറൻസ് പദ്ധതിയിൽ പുതിയ എൻറോൾമെന്റിനായി പ്രീമിയം നിരക്കുകൾ വർധിപ്പിച്ചത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളിലെ വർധിച്ച ജീവിതച്ചെലവും തൊഴിൽസുരക്ഷയില്ലായ്മയും നേരിടുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും മുതിർന്ന പ്രവാസികൾക്കും ഉയർന്ന പ്രീമിയം നിരക്കുകൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന് തടസ്സമാകുന്നുവെന്നും കമ്മിറ്റി വ്യക്തമാക്കി.
നിലവിലെ പ്രീമിയം നിരക്കുകൾ പുനഃപരിശോധിച്ച് ന്യായമായ നിരക്കുകൾ ഉറപ്പാക്കുക, നിലവിലുള്ള ഇൻഷുറൻസ് ആനുകൂല്യങ്ങൾ നിലനിർത്തുക, കുറഞ്ഞ വരുമാനക്കാർക്കും മുതിർന്ന പ്രവാസികൾക്കും അർഹമായ ഇളവുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.
കൂടാതെ, പ്രവാസി ക്ഷേമനിധി പെൻഷൻ അപേക്ഷകളുടെ അംഗീകാരവും പെൻഷൻ വിതരണ നടപടികളും വേഗത്തിലാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രവാസികളുടെ ആരോഗ്യസുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെയും സംസ്ഥാന സർക്കാരിന്റെയും ശ്രദ്ധയിൽ വിഷയങ്ങൾ എത്തിച്ച് അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എയോട് കുവൈത്ത് കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി അഭ്യർത്ഥിച്ചു.